ബോക്‌സിംഗ് പരിശീലകന്റെ മൃതദേഹം ഓടയില്‍ നിന്നും കണ്ടെത്തി

കോഴിക്കോട്. ബോക്‌സിംഗ് പരിശീലകനെ ഓടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുരുവട്ടൂര്‍ അണിയം വീട്ടില്‍ വിഷ്ണുവാണ് മരിച്ചത്. രാവിലെ എട്ട് മണിയോടെയാണ് ഓടയില്‍ മൃതദേഹം കണ്ടത്. തൊട്ടടുത്തായി ഇയാളുടെ ബൈക്കും ഹെല്‍മെറ്റും കണ്ടെത്തി. കണ്ണാടിക്കല്‍ പൊളിച്ച പീടികയിലെ ഓടയിലാണ് മൃതദേഹം കണ്ടെത്തിയത്.

പ്രദേശത്തെ റോഡ് തിരക്കേറിയതാണെന്നും അപകട സാധ്യതയുണ്ടെന്നും പോലീസ് പറയുന്നു. അതേസമയം വേഗത്തില്‍ വന്നതിനാല്‍ തെന്നിപ്പോയതാകാം ബൈക്ക് അപകടത്തിന് കാരണമെന്നാണ് പോലീസ് നിഗമനം. രാവിലെ റോഡിന് സമീപത്തെ വീട്ടുകാരാണ് ഓടയില്‍ മൃതദേഹം കിടക്കുന്നത് കണ്ടെത്തിയത്. ഇയാള്‍ രാവിലെ കുട്ടികള്‍ക്ക് ക്ലാസ് എടുക്കാന്‍ പോയതാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.