നെയ്യാറ്റിന്‍കര ദമ്പതികളുടെ മരണം; ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

നെയ്യാറ്റിന്‍ കരയില്‍ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലം പരിശോധിച്ച സംഘം രാജന്റെ മക്കളുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തു. സംഭവത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചോയെന്നാകും െ്രെകംബ്രാഞ്ച് അന്വേഷിക്കുക. കുടിയൊഴിപ്പിക്കലിന് പോലീസ് അനാവശ്യ തിടുക്കം കാണിച്ചിരുന്നുവെന്ന് രാജന്റെ മക്കള്‍ ആരോപിച്ചിരുന്നു. ക്രൈംബ്രാഞ്ച് എസ് പി ഷാനവാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

പോലീസ് വീട് ഒഴിപ്പിക്കാന്‍ എത്തിയതിനെത്തുടര്‍ന്ന് ഈ മാസം 22നാണ് അമ്പിളിയും രാജനും തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളളേറ്റ ഇരുവരേയും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. ഭീഷണിപ്പെടുത്തുക മാത്രമായിരുന്നു ലക്ഷ്യമെന്നും പോലീസ് ലൈറ്റര്‍ തട്ടിപ്പറിച്ചപ്പോള്‍ തീ പടരുകയായിരുന്നുവെന്നും രാജന്‍ മരണമൊഴിയില്‍ പറഞ്ഞിരുന്നു. കോടതി നടപടിക്കെത്തിയ പൊലീസുകാരാണ് അപകടം ഉണ്ടാക്കിയതെന്നാണ് മക്കളായ രാഹുലും രഞ്ജിത്തും മൊഴി നല്‍കിയിരുന്നു. അയല്‍വാസിയായ വസന്തയാണ് രാജനും കുടുംബത്തിനുമെതിരെ പരാതി നല്‍കിയത്.

അതേസമയം രാജന്‍ അമ്പിളി ദമ്പതികളുടെ മക്കള്‍ക്ക് പത്ത് ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ ധനസഹായം നല്‍കിയിരുന്നു. സംഭവസ്ഥലം പരിശോധിച്ച സംഘം രാജന്റെ മക്കളായ രാഹുലില്‍ നിന്നും രഞ്ജിത്തില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. തര്‍ക്ക ഭൂമിയില്‍ കെട്ടിയ താത്കാലിക ഷെഡിലാണ് കുട്ടികള്‍ ഇപ്പോഴും കഴിയുന്നത്. അതോടൊപ്പം രാജന്‍ ഷെഡ് കെട്ടി താമസിക്കുന്ന ഭൂമി പരാതിക്കാരിയായ വസന്തയില്‍ നിന്ന് വാങ്ങാനായി ബോബി ചെമ്മണ്ണൂര്‍ ഉണ്ടാക്കിയ കരാറിലും തര്‍ക്കം തുടരുകയാണ്. വസന്തയുടെ കയ്യിലുള്ളത് വ്യാജപട്ടയമെന്നാണ് രാജന്റെ മക്കളുടെ ആരോപണം.