ലിബർട്ടി ബഷീറിന്റെ പരാതി; നടൻ ദിലീപിനെതിരെ മാനനഷ്ടക്കേസെടുത്തു

തലശേരി: നിർമാതാവ് ലിബർട്ടി ബഷീറിന്റെ പരാതിയിൽ നടൻ ദിലീപിനെതിരെ മാനനഷ്ടക്കേസെടുത്തു. തലശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസെടുത്തത്.മൂന്ന് വർഷം മുമ്പാണ് മാനനഷ്ടക്കേസ് ഫയൽ ചെയ്‌‌തത്.  ക്വട്ടേഷന്‍ പ്രകാരം നടിയെ ആക്രമിച്ച കേസിനു പിന്നിൽ ലിബർട്ടി ബഷീറാണെന്ന ദിലീപിന്റെ ആരോപണത്തിന് എതിരെ നല്‍കിയ പരാതിയിലാണ്‌ കേസെടുത്തത്. നവംബർ 7ന് ദിലീപ് തലശേരി കോടതിയിൽ ഹാജരാകണം.

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണ സാധ്യത തുറന്നിട്ടാണ് ക്രൈംബ്രാഞ്ച് അനുബന്ധ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. തെളിവ് നശിപ്പിച്ച സംഭവത്തിൽ ദിലീപിന്‍റെ അഭിഭാഷകർക്കെതിരായ അന്വേഷണം തുടരുകയാണെന്ന് കുറ്റപത്രത്തിൽ ക്രൈാംബ്രാ‌ഞ്ച് വ്യക്തമാക്കുന്നു. കോടതിയിൽ നിന്ന് ദൃശ്യങ്ങൾ ചോർന്ന സംഭവത്തിലും അന്വേഷണം തുടരുമെന്നും കുറ്റപത്രത്തിലുണ്ട്.

ദിലീപിന്‍റെ ഫോണുകളിലെ തെളിവ് നശിപ്പിച്ച സംഭവത്തിൽ അഭിഭാഷകരെ ചോദ്യം ചെയ്യാതെ അന്വേഷണം പൂർത്തിയാകില്ലെനായിരുന്നു ക്രൈം ബ്രാ‌ഞ്ച് ഹൈക്കോടതിയെ അറിയിച്ചത്. എന്നാൽ അങ്കമാലി മജിസ്ടേറ്റ് കോടതിയിൽ ഇന്നല അനുബന്ധ കുറ്റപത്രം നൽകിയപ്പോൾ അഭിഭാഷകർ പ്രതിപട്ടികയിലോ സാക്ഷിപട്ടികയിലോ ഉണ്ടായിരുന്നില്ല. എന്നാൽ അഭിഭാഷകർക്ക് ക്ലീൻചിറ്റ് നൽകിയല്ല അനുബന്ധ കുറ്റപത്രം. ദിലീപിന്‍റെ ഫോണിലെ തെളിവ് നശിപ്പിച്ച സംഭവത്തിൽ ഇവർക്കെതിരെ  അന്വേഷണം തുടരുമെന്നാണ് കുറ്റപത്രം പറയുന്നത്.

ഹാക്കർ സായ് ശങ്കറിന്‍റെ മൊഴിയിൽ അഭിഭാഷകരുടെ നിർദ്ദേശ പ്രകാരമാണ് ഫോണുകളിലെ തെളിവ് നീക്കിയതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നാല് അഭിഭാഷകർ ഫോണുമായി മുംബൈയിലേക്ക് പോയതിനും തെളിവുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം നടക്കുകയാണെന്ന് കുറ്റപത്രം പറയുന്നു.  കോടതിയുടെ കസ്റ്റഡിയിലിരിക്കെ നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയ സംഭവത്തിലും അന്വേഷണം തുടരുകയാണെന്ന് കുറ്റപത്രത്തിലുണ്ട്. അഭിഭാഷകരെ ചോദ്യം ചെയ്യാതെ കുറ്റപത്രം നൽകിയാൽ കേസിനെ ബാധിക്കുമെന്ന് കരുതുന്നില്ലെന്ന് സാക്ഷിയായ ബാലചന്ദ്രകുമാർ പറഞ്ഞു.