അടിമുടി ദുരൂഹതയിലും ,ബോഡി നാട്ടിലെത്തിച്ചു,എവിടെ പുനർജീവൻ ?

അരുണാചൽ പ്രദേശിലെ ഹോട്ടൽ മുറിയിൽ ദുരൂഹ സാഹര്യത്തിൽ ആത്മഹത്യ ചെയ്ത മൂന്ന് മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചു .നവീന്റെ മൃതദേഹം കോട്ടയത്തെ വീട്ടിലേക്കും ആര്യയുടെയും ദേവിയുടെയും മൃതദേഹം വട്ടിയൂർ കാവിലെ വീടുകളിലേക്കും ആയിരുന്നു എത്തിച്ചതു .ഉച്ചയ്ക്ക് 12.20 ഓടെയാണ് മൃതദേഹങ്ങൾ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോയി എംബാം നടപടികൾ പൂർത്തിയാക്കിയശേഷം ആര്യയുടെയും ദേവിയുടെയു മൃതദേഹം തിരുവനന്തപുരത്തെ വീടുകളിൽ എത്തിച്ചു. ആര്യയുടെ മൃതദേഹം വൈകിട്ട് നാലരയ്ക്കും ദേവിയുടേത് അഞ്ചരയ്ക്കും ശാന്തികവാടത്തിൽ സംസ്കരിക്കുക ആയിരുന്നു .

മാർച്ച് 27ന് ആണ് മൂവരും അരുണാചലിലേക്കു പോയത്. അരുണാചലിന്റെ തലസ്ഥാനമായ ഇറ്റാനഗറിൽനിന്നു 100 കിലോമീറ്റർ മാറി സിറോയിലെ ഹോട്ടലിലാണു മുറിയെടുത്തത്. ‌കഴിഞ്ഞ ദിവസങ്ങളിൽ റസ്റ്ററന്റിലെത്തി ആഹാരം കഴിച്ച ഇവരെ ഇന്നലെ രാവിലെ 10 കഴിഞ്ഞിട്ടും പുറത്തു കാണാതിരുന്നതോടെ ഹോട്ടൽ ജീവനക്കാർ അന്വേഷിച്ചുചെല്ലുകയായിരുന്നു. മുറിയിൽ ആര്യ കട്ടിലിലും ദേവി നിലത്തും കൈഞരമ്പ് മുറിഞ്ഞനിലയിൽ മരിച്ചുകിടക്കുകയായിരുന്നു. നവീന്റെ മൃതദേഹം ശുചിമുറിയിലായിരുന്നു. ദേഹമാസകലം വ്യത്യസ്ത തരത്തിലുള്ള മുറിവുകളുണ്ടാക്കി രക്തം വാർന്നാണ് മൂവരുടെയും മരണം. മരണത്തിനു മുൻപ് ആഭിചാരക്രിയകൾ നടന്നായി സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ ബ്ലാക്ക് മാജിക്കാണ് ആത്മഹത്യയ്‌ക്ക് പിന്നിലെന്ന സംശയത്തിൽ തന്നെ ഉറച്ചു നിൽക്കുകയാണ് പൊലീസ്.

രഹസ്യ കോഡുള്ള ഇ-മെയിൽ സന്ദേശം ആര്യ സുഹൃത്തുക്കൾക്കയച്ചതായി പൊലീസ് പറഞ്ഞു. ഇത് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും അരുണാചൽ പ്രദേശിലെ അഞ്ചംഗ പ്രത്യേക സംഘം കേസ് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. മരിച്ചവരുടെ ഫോണിലുള്ള ചില ഡാറ്റകൾ ഡിലീറ്റ് ചെയ്ത നിലയിലാണ്. മൂന്ന് പേരും രഹസ്യഭാഷയിൽ സന്ദേശങ്ങൾ കൈമാറിയിട്ടുള്ളതായി പൊലീസ് കണ്ടെത്തി. 2021 മുതൽ ഇത്തരത്തിൽ അന്യഗ്രഹ ജീവിതത്തെ കുറിച്ചുള്ള സന്ദേശങ്ങൾ കൈമാറിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.മൂന്നുപേരുടെ കൂട്ടമരണത്തിലേക്ക് വഴിയൊരുക്കിയത് നവീന്‍ തോമസാണെന്ന് സൂചന. ഭാര്യ ദേവിയെയും സുഹൃത്തായ ആര്യയെയും അന്ധവിശ്വാസങ്ങളിലേക്ക് നയിച്ചത് നവീന്‍ ആണെന്നാണ് അന്വേഷണത്തിലെ സൂചനകള്‍. മരണശേഷം മറ്റൊരു ഗ്രഹത്തില്‍ ജീവിക്കാമെന്ന് ഭാര്യ ദേവിയെയും ആര്യയെയും നവീന്‍ വിശ്വസിപ്പിച്ചതായാണ് വിവരം. ഇതുസംബന്ധിച്ച കൂടുതല്‍വിവരങ്ങള്‍ക്കായി ഇവരുടെ ലാപ്‌ടോപ്പും മൊബൈല്‍ഫോണുകളും പോലീസ് പരിശോധിച്ചുവരികയാണ്.

മരണാനന്തരജീവിതം, മരണത്തിന് ശേഷം ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഇവര്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞതായാണ് വിവരം. മരണശേഷം അന്യഗ്രഹത്തില്‍ താമസിക്കുമെന്നാണ് ഇയാള്‍ വിശ്വസിച്ചിരുന്നത്. ഇക്കാര്യം ഭാര്യ ദേവിയെയും സുഹൃത്തായ ആര്യയെയും വിശ്വസിപ്പിച്ചിരുന്നതായും പറയുന്നു.നവീനും ഭാര്യ ദേവിയും അമാനുഷിക ശക്തികളിൽ വിശ്വസിച്ചിരുന്നതായി ഇവരുടെ ബന്ധുക്കൾ പറഞ്ഞു. ആര്യയുമായും ഇക്കാര്യങ്ങൾ ഇരുവരും പങ്കുവച്ചിരുന്നു. നവീന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഒരു ലാപ്‌ടോപ്പ് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിൽ മരണാനന്തര ജീവിതത്തെ പ്രതിപാദിക്കുന്ന പുസ്തകങ്ങളും അന്യഗ്രഹ ജീവിതത്തെ കുറിച്ചുള്ള ചോദ്യങ്ങളുമായിരുന്നു അടങ്ങിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.