മഴയെ അവഗണിച്ചും ഉമ്മന്‍ ചാണ്ടിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങള്‍, ജനം കാത്തു നില്‍ക്കുന്നത് ചിത്രങ്ങളുമായി

തിരുവനന്തപുരം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഭൗതിക ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പിന്നിടുന്ന വഴിയോരങ്ങളില്‍ എല്ലാം ആയിരങ്ങളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ കാത്തുനില്‍ക്കുന്നത്. തിരുവനന്തപുരം പുതുപ്പള്ളി ഹൗസിലെ പ്രഭാത പ്രാര്‍ഥനയ്ക്ക് ശേഷം പ്രത്യേകം തയ്യാറാക്കിയ കെഎസ്ആര്‍ടിസി ബസിലാണ് വിലാപയാത്ര. മഴ പോലും വകവയ്ക്കാതെയാണ് പ്രീയ നേതാവിനെ അവസാനമായി കാണാന്‍ ജനങ്ങള്‍ വഴിയരികില്‍ കാത്ത് നില്‍ക്കുന്നത്.

ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്ത് എത്തിച്ച മൃതദേഹം കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പൊതുദര്‍ശനത്തിന് വെച്ചിരുന്നു. തങ്ങളുടെ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാന്‍ പതിനായിരങ്ങളാണ് ദര്‍ബാര്‍ ഹാളിലേക്കും കെപിസിസി ഓഫീസിലേക്കും എത്തിയത്.

ബുധനാഴ്ച രാവിലെ പുറപ്പെടുന്ന വിലാപയാത്ര എംസി റോഡ് വഴി ജില്ലാ അതിര്‍ത്തിയായ ളായിക്കാട് വൈകുന്നേരം അഞ്ചിന് എത്തുമെന്നാണ് കരുതുന്നത്. തുടര്‍ന്ന് കോട്ടയം ഡിസിസിയുടെ നേതൃത്വത്തില്‍ മൃതദേഹം ഏറ്റുവാങ്ങും. മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എന്‍എസ്എസ് ആസ്ഥാനം, ചങ്ങനാശേരി എസ്ബി കോളേജ് എന്നിവിടങ്ങളില്‍ വിലാപയാത്രയ്ക്ക് നിര്‍ത്തം.