ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കില്ല, സെക്രട്ടറി ലെവലിലുള്ള പദവി വേണം- ദേവൻ

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദേവൻ. നിരവധി ചിത്രങ്ങളിൽ പല കഥാപാത്രങ്ങളിലൂടെ നടൻ പ്രേക്ഷകരുടെ മനസിൽ ഇടം നേടി. മലയാളത്തിന് പുറമെ അന്യാഭാഷാ ചിത്രങ്ങളിലൂടെയും ദേവൻ തിളങ്ങി. കൂടുതലും വില്ലൻ വേഷങ്ങളിലൂടെ ആയിരുന്നു ദേവൻ തിളങ്ങിയത്. അടുത്തിടെ നവകേരള പീപ്പിൾസ് പാർട്ടി എന്ന പേരിൽ രാഷ്ട്രീയ പാർട്ടിയും ദേവൻ രൂപീകരിച്ചിരുന്നു. സോഷ്യൽ മീഡിയകളിലും ദേവൻ സജീവമാണ്. ഇപ്പോളിതാ പദവിയില്ലാതെ ഒരു രാഷ്ട്രീയക്കാരന് എങ്ങനെ പ്രവർത്തിക്കാനാവുമെന്ന് ചോദിക്കുകയാണ് നടൻ ദേവൻ. ആവശ്യപ്പെട്ടാൽ പോലും ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കില്ല. സെക്രട്ടറി ലെവലിലുള്ള പദവിയെങ്കിലും തനിക്ക് തരണം. ആയുധങ്ങൾ ഉണ്ടെങ്കിലേ പണിയെടുക്കാൻ പറ്റൂ എന്നും ദേവൻ പറഞ്ഞു.

ജനങ്ങളുടെ പ്രശ്‌നങ്ങൾ ഉയർത്താൻ എനിക്ക് കഴിയും. അമിത്ഷായുമായി രണ്ട് തവണ കൂടിക്കാഴ്ച്ച നടത്തി. എന്നെ സിനിമാ നടനായി കാണരുതെന്ന് ഞാൻ ആവശ്യപ്പെട്ടു. ഞാൻ സ്‌കൂൾ കാലം മുതൽ ഒരു രാഷ്ട്രീയക്കാരനാണെന്നും അദ്ദേഹത്തെ ധരിപ്പിച്ചു. ആ കൂടിക്കാഴ്ച്ചയിൽ 2021 ൽ കേരളം ബിജെപി ഭരിക്കുമെന്ന് അമിത്ഷാ പറഞ്ഞു. അത് നടക്കാൻ പോകുന്ന കാര്യമല്ലെന്ന് ഞാനും പറഞ്ഞു. അദ്ദേഹത്തിന് ഷോക്കായി പോയി.

17 വർഷം ആക്ടീവ് രാഷ്ട്രീയ പ്രവർത്തകനായിരുന്ന തനിക്ക് മലയാളികളുടെ പൾസ് അറിയാം. ന്യൂനപക്ഷങ്ങൾക്കിടയിൽ ബിജെപിയും ആർഎസ്എസും അപകടകാരികളാണെന്ന് കുത്തിവെച്ചിട്ടുണ്ട്. അത് മാറ്റിയെടുക്കാൻ ബിജെപിക്കും ആർഎസ്എസിനും കഴിഞ്ഞിട്ടില്ല. ആ സാഹചര്യത്തിൽ ബിജെപിക്ക് കേരളത്തിൽ വിജയിക്കുകയെന്നത് എളുപ്പമല്ലെന്നും ദേവൻ കൂട്ടിച്ചേർത്തു. ബിജെപിക്ക് ഗ്രൗണ്ട് ഉണ്ട്. പക്ഷെ അവർ കളിക്കുന്നില്ലെന്നും അമിത് ഷായെ ധരിപ്പിച്ചു. 2021 ലെ മീറ്റിംഗിലും ഇത് തന്നെ താൻ ആവർത്തിച്ചു. ആർഎസ്എസ് ചീഫിനോടും ഇത് തന്നെയാണ് പറഞ്ഞതെന്നും ദേവൻ വിശദീകരിച്ചു.