കൊറോണ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ശബരിമല ദര്‍ശനം ഒഴിവാക്കണം; ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട:ജില്ലയില്‍ കൊറോണ ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൊറോണ രോഗ ലക്ഷണങ്ങളുള്ളവര്‍ ശബരിമല സന്ദര്‍ശനം ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ്. മാസപൂജയ്ക്കായി വെള്ളിയാഴ്ച വൈകീട്ടാണ് നട തുറക്കുന്നത്.അതേ സമയം ഭക്തര്‍ക്കായി പ്രത്യേക നിയന്ത്രണം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.രോഗലക്ഷണങ്ങളുള്ളവര്‍ അധികൃതരെ അറിയിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.

ആറ്റുകാല്‍ പൊങ്കാലയോട് അനുബന്ധിച്ച്‌ ആരോഗ്യ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമാക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ഒരുപാട് ആളുകള്‍ ഒത്തുകൂടുന്ന ചടങ്ങായതിനാല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് പരിമിതികളുണ്ട്. അതുകൊണ്ട് രോഗബാധ കണക്കിലെടുത്ത് രോഗലക്ഷണങ്ങളുള്ളവര്‍ പൊങ്കാലയ്ക്ക് എത്തരുതെന്നു ആരോഗ്യമന്ത്രി അഭ്യര്‍ഥിച്ചു. വിദേശത്ത് നിന്ന് എത്തിയവര്‍ വിവരങ്ങള്‍ ഒളിച്ചുവയ്ക്കുന്നത് നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണ്.ഇത്തരക്കാര്‍ക്കെതിരെ പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുളള കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേരളാ പൊലിസ് മുന്നറിയിപ്പ് നല്‍കി.

കൊറോണ പടരുന്ന സാഹചര്യത്തില്‍ പൊങ്കാല പോലൊരു വലിയ ഉത്സവം നടത്തുന്ന കാര്യത്തില്‍ വലിയ ആശങ്കയുണ്ടായിരുന്നു. കേരളത്തില്‍ ആ സമയത്ത് കൊറോണ പോസിറ്റിവ് റിപ്പോര്‍ട്ടു ചെയ്തിട്ടില്ലാത്തതിനാല്‍ പൊങ്കാല നിര്‍ത്തി വയ്ക്കാന്‍ ആലോചിച്ചിരുന്നില്ലെന്നും മന്ത്രി അറിയിച്ചു.’പൊങ്കാലയ്ക്ക് ആളുകള്‍ എത്തിതുടങ്ങി. ഈ ഉത്സവം നിര്‍ത്തി വയ്ക്കാന്‍ സാധിച്ചിട്ടില്ല. പല മേഖലകളിലും ആലോചിച്ചിരുന്നു. പക്ഷെ ഉത്സവം നിര്‍ത്തി വയ്ക്കാന്‍ തീരുമാനിക്കാന്‍ പറ്റിയിരുന്നില്ല. മാത്രമല്ല ആ സമയത്ത് കേരളത്തില്‍ പോസിറ്റീവ് കേസുകള്‍ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ സംസ്ഥാനത്ത് ഒരു ജില്ലയില്‍ പോസിറ്റീവ് കേസ് വന്നിട്ടുണ്ട്. അതു കൊണ്ട് കുറച്ചു കൂടി ജാഗ്രതയോടു കൂടി ഇടപെടണം. പൊങ്കാല നടക്കും. എന്നാല്‍ ശ്വാസ തടസ്സം, ചുമ, പനി തുടങ്ങി ഏതെങ്കിലും തരത്തിലുള്ള രോഗ ലക്ഷണങ്ങളുള്ളവരുണ്ടെങ്കില്‍ സ്വമേധയാ ഉത്സവത്തില്‍ നിന്നും മാറി നില്‍ക്കണം,’ മന്ത്രി അറിയിച്ചു.

പൊങ്കാലയിടാന്‍ മറ്റു രാജ്യങ്ങളില്‍ നിന്നും നിരവധി പേര്‍ വരാറുണ്ട്. അത്തരത്തില്‍ ഇറ്റലി, ചൈന, സൗദി, സൗത്ത് കൊറിയ, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും വന്നവരുണ്ടെങ്കില്‍ സ്വമേധയാ പൊങ്കാലയില്‍ പങ്കെടുക്കരുതെന്നും അല്ലെങ്കില്‍ വീട്ടില്‍ തന്നെ പൊങ്കാലയിടുകയും ചെയ്യണമെന്നും മന്ത്രി അറിയിച്ചു. പൊങ്കാല വീഡിയോയില്‍ പകര്‍ത്തുമെന്നും എത്രപേര്‍ ഉണ്ടായിരുന്നെന്നും മറ്റും കൃത്യമായ കണക്കുകള്‍ ലഭിക്കാന്‍ ദൃശ്യങ്ങള്‍ പകര്‍ത്തേണ്ടത് അനിവാര്യമാണെന്നും മന്ത്രി അറിയിച്ചു. ക്ഷേത്രപരിസരവും പൊങ്കാലയിടുന്ന സ്ഥലങ്ങളും അരമണിക്കൂര്‍ ഇടവിട്ട് അണുവിമുക്തമാക്കും. ബസ് സ്റ്റാന്‍ഡുകളിലും റെയില്‍വേ സ്റ്റേഷനുകളിലും വിവിധ ഭാഷകളില്‍ മുന്നറിയിപ്പുകള്‍ നല്‍കും. പൊങ്കാല ജാഗ്രതയുടെ ഭാഗമായി 23 പ്രത്യേക മെഡിക്കല്‍ ടീമിനെ നീരീക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ട്.