ആദ്യത്തെ കണ്മണി ആൺകുട്ടി, പ്രാർത്ഥിച്ചവർക്ക് നന്ദി, വിജയിയും ദേവികയും

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീൻ താരമാണ് ദേവിക നമ്പ്യാർ. ദേവികയും ഗായകൻ വിജയ് മാധവും അടുത്തിടെയാണ് വിവാഹിതർ ആയത്. ഇപ്പോളിതാ ആദ്യ കണ്മണി ജനിച്ച സന്തോഷം പങ്കിട്ടെത്തിയിരിക്കുകയാണ് ഇരുവരും. ആദ്യത്തെ കണ്മണി ആൺകുട്ടിയാണ്…. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും ഒരുപാട് സ്നേഹം നന്ദി. ഇപ്പോൾ തന്നെ അറിയിക്കണമെന്ന് തോന്നിയത് കൊണ്ടാണ് ഹോസ്പിറ്റലിൽ നിന്ന് ഈ കുട്ടി വീഡിയോ ഇടുന്നത്’ എന്നാണ് കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് വിജയ് മാധവ് കുറിച്ചത്.

കഴിഞ്ഞ ദിവസമാണ് ദേവികയെ തിയ്യതി അടുത്തതിനാൽ‌ തിരുവനന്തപുരത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ അഡ്മിറ്റായ വിവരമെല്ലാം വീഡിയോ വഴി കഴിഞ്ഞ ദിവസം വിജയ് ആരാധകരിലേക്ക് എത്തിച്ചിരുന്നു. ​

വിവാഹ ശേഷം പല അഭിമുഖങ്ങളിലും ഇരുവരും ഒരുമിച്ചെത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമാണ് രണ്ടുപേരും. തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ ഇരുവരും തങ്ങളുടെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഒരിക്കെ തങ്ങളുടേത് പ്രണയവിവാഹമല്ലെന്ന് ഇരുവരും പറഞ്ഞിരുന്നു. ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധനേടിയിട്ടുള്ള ആളാണ് വിജയ് മാധവ്. പാട്ട് മാത്രമല്ല സംഗീത സംവിധാനവും യോഗയുമായൊക്കെ മുന്നോട്ട് പോയിക്കൊണ്ടിരുന്ന തനിക്ക് ആരാധികമാരൊക്കെ ഉണ്ടായിരുന്നെന്നും എന്നാൽ പ്രണയബന്ധങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നും വിജയ് നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്.

എം.എ.നസീർ സംവിധാനം ചെയ്ത പരിണയത്തിലൂടെയാണ് ദേവിക സീരിയൽ ലോകത്ത് എത്തുന്നത്. ബാലാമണി, രാക്കുയിലിൽ തുടങ്ങിയ പരമ്പരകൾ ദേവികയ്ക്ക് മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ഏറെ സ്വീകാര്യത നൽകി. അഭിനയത്തിനു പുറമേ അവതാരകയായും ദേവിക തിളങ്ങിയിട്ടുണ്ട്. കോമഡി ഫെസ്റ്റിവൽ, ചിരിമ സിനിമ തുടങ്ങി നിരവധി പരിപാടികളുടെ അവതാരകയായിരുന്നു. മദ്യപാനം ആരോഗ്യത്തിന് ഹാനികരം, കളഭ മഴ, പറയാൻ ബാക്കിവച്ചത്, വസന്തത്തിന്റെ കനൽവഴികളിൽ, കട്ടപ്പനയിലെ ഋത്വിക്റോഷൻ തുടങ്ങി നിരവധി സിനിമകളിലും ദേവിക വേഷമിട്ടിട്ടുണ്ട്.