ഡിജിപിക്ക് വിജേഷ് പിള്ളയുടെ മാനനഷ്ട പരാതിയിൽ പ്രത്യേക താല്പര്യം? വിജേഷ് പിള്ളക്ക് മുഖ്യമന്ത്രിയിലോ ഡിജിപിയിലോ സ്വാധീനമുണ്ടാകും – സ്വപ്ന സുരേഷ്

വിജേഷ് പിള്ളയുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് കേസ് എടുത്തതിനെ സ്വാഗതം ചെയ്ത് സ്വപ്ന സുരേഷ്. എഫ്ബി പോസ്റ്റിലൂടെയാണ് സ്വപ്ന സുരേഷ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഒരു പരാതി ലഭിച്ചാൽ കേരള – കര്‍ണ്ണാടക പോലീസിന്റെ തുടർന്നുള്ള സമീപന രീതിയിലെ വ്യത്യങ്ങൾ ചൂണ്ടിക്കാട്ടുന്നതാണ് സ്വപ്നയുടെ എഫ്ബി കുറിപ്പ്. കര്‍ണാടക-കേരള സര്‍ക്കാരുകളില്‍ തനിക്ക് ഒരു പിടിപാടും ഇല്ലാതിരിക്കുമ്പോള്‍ തന്നെ ഭീഷണിപ്പെടുത്തിയ വിജേഷ് പിള്ളയ്ക്ക് കേരള സര്‍ക്കാരില്‍ ഉള്ള സ്വാധീനത്തെ പറ്റി സ്വപ്ന സുരേഷ് സൂചന നൽകുന്നുണ്ട്.

വിജേഷ് പിള്ള എന്നെ ബംഗളൂരില്‍ വന്നു ഭീഷണിപ്പെടുത്തിയപ്പോള്‍ പിറ്റേ ദിവസം തന്നെ കർണാടക ഹോം സെക്രട്ടറിക്കും ഡിജിപിക്കും മെയിൽ വഴി പരാതി അയക്കുന്നു. അവർ ആ പരാതി ലോക്കൽ പോലീസ് സ്റ്റേഷനിലേക്ക് കൈ മാറുന്നു. പോലീസ് പ്രാഥമിക അന്വേഷണം നടത്തിയ പിറകെ കേസ് രജിസ്റ്റർ ചെയ്യുന്നു. എന്നാല്‍ കേരളത്തില്‍ സംഭവിച്ചതോ എന്നെ ഭീഷണിപ്പെടുത്തിയ ആള്‍ കേരളത്തില്‍ എനിക്ക് എതിരെ പരാതി നല്‍കുന്നു. മാനനഷ്ടപ്പരാതിയില്‍ പോലീസിനു കേസ് എടുക്കാന്‍ അധികാരമില്ല. പക്ഷെ ഡിജിപി നേരിട്ട് കേസ് എടുക്കാന്‍ ക്രൈംബ്രാഞ്ചിനു നിര്‍ദ്ദേശം നല്‍കുന്നു.

എനിക്ക് കേരള – കര്‍ണാടക സര്‍ക്കാരുകളില്‍ ഒരു സ്വാധീനവുമില്ല. പക്ഷെ കേരള മുഖ്യമന്ത്രിയ്ക്കും ഡിജിപിക്കും വിജേഷ് പിള്ളയുടെ പരാതിയിൽ പ്രത്യേക താല്പര്യം കാണുമായിരിക്കും. എനിക്കറിയില്ല. ഇതിനൊപ്പം, കെ ടി ജലീലിന്റെ പരാതിയിൽ എടുത്ത ക്രൈം ബ്രാഞ്ച് കേസിന്റെ കാര്യം. ആ കേസ് എന്താണ് എന്നും സ്വപ്ന ചോദിക്കുന്നുണ്ട്.

സ്വപ്നയുടെ എഫ്ബി പോസ്റ്റ്‌ ഇങ്ങനെ

വിജേഷ് പിള്ളയുടെ പരാതിയിൽ ക്രൈം ബ്രാഞ്ച് എടുത്ത കേസിനെ ഞാൻ സ്വാഗതം ചെയ്യുന്നു. വിജേഷ് പിള്ള എന്നെ ബംഗളുരുവിൽ വന്ന് ഭീഷണിപ്പെടുത്തുന്നു. ഞാൻ പിറ്റേ ദിവസം തന്നെ കർണാടക ഹോം സെക്രട്ടറിക്കും ഡിജിപിക്കും മെയിൽ വഴി പരാതി അയക്കുന്നു. അവർ ആ പരാതി ലോക്കൽ പോലീസ് സ്റ്റേഷനിലേക്ക് കൈ മാറുന്നു. പോലീസ് പ്രാഥമിക അന്വേഷണം നടത്തിയതിനു ശേഷം FIR രജിസ്റ്റർ ചെയ്യുന്നു.

ഇനി കേരളത്തിലെ സ്ഥിതി നോക്കൂ. എന്നെ ഭീഷണി പെടുത്തിയ വിജേഷ് പിള്ള എനിക്കെതിരെ ഒരു പരാതി കൊടുക്കുന്നു. അദ്ദേഹം തന്നെ പറഞ്ഞത് അനുസരിച്ചു മാനനഷ്ടത്തിനാണ് പരാതി. മാനനഷ്ട പരാതിയിൽ പോലീസിന് കേസ് എടുക്കാൻ അധികാരം ഇല്ല. പക്ഷേ ഡിജിപി ക്രൈം ബ്രാഞ്ചിനോട് എനിക്കെതിരെ കേസ് എടുക്കാൻ പറയുന്നു.

ഈ രണ്ട് കേസിലെയും വ്യത്യാസം എന്താണെന്ന് വെച്ചാൽ എനിക്ക് കർണാടക മുഖ്യമന്ത്രിയിലോ ഡിജിപിയിലോ ഒരു സ്വാധീനവും ഇല്ല. വിജേഷ് പിള്ളക്ക് കേരള മുഖ്യമന്ത്രിയിലോ ഡിജിപിയിലോ സ്വാധീനം കാണുമായിരിക്കും. കർണാടക മുഖ്യമന്ത്രിക്കോ ഡിജിപിക്കോ എന്റെ പരാതിയിൽ ഒരു പ്രത്യേക താല്പര്യവും ഇല്ല. കേരള മുഖ്യമന്ത്രിക്കും ഡിജിപിക്കും വിജേഷ് പിള്ളയുടെ പരാതിയിൽ പ്രത്യേക താല്പര്യം കാണുമായിരിക്കും. എനിക്കറിയില്ല. കെ ടി ജലീലിന്റെ പരാതിയിൽ എനിക്കെതിരെ എടുത്ത ക്രൈം ബ്രാഞ്ച് കേസ് എന്തായോ എന്തോ?