എന്റെ മോനെ കൊന്നവരോട് എന്നെക്കൂടി കൊല്ലാന്‍ പറ, നെഞ്ചു നീറി ധീരജിന്റെ അമ്മ

തളിപ്പറമ്പ്: പതിവുപോലെ ഇന്നലെയും ധീരജിന്റെ അമ്മ കൂവോട് ഗവ. ആയുര്‍വേദ ആശുപത്രിയില്‍ തന്റെ ജോലിക്ക് പോയി. നഴ്‌സായ ആ അമ്മയ തേടി ഉച്ച കഴിഞ്ഞപ്പോള്‍ ഒരു കൂട്ടം സഹപ്രവര്‍ത്തകര്‍ എത്തി. ഇടുക്കി പൈനാവ് ഗവ. എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ഥിയായ മകന്‍ ധീരജിന് അപകടം പറ്റിയെന്നും വീട്ടില്‍ പോകാമെന്നും പറഞ്ഞ് കാറുമായിട്ടാണ് അവര്‍ എത്തിയത്. അപ്പോഴും തന്റെ മകന്‍ പിച്ചാത്തി മുനയില്‍ അവസാനിച്ചു എന്നൊരു ചിന്തപോലും ആ അമ്മയ്ക്കുണ്ടായിരുന്നില്ല.

അപകടം എന്ന് കേട്ടപ്പോഴേ തകര്‍ന്നുവെങ്കിലും ചെറിയ അപകടമായിരിക്കുമെന്ന് കരുതി സമാധാനിക്കന്‍ ശ്രമിച്ച് നഴ്‌സ് യൂണിഫോം പോലും മാറാന്‍ നില്‍ക്കാതെ വീട്ടിലേക്ക് പോകാമെന്ന് പറഞ്ഞ് അവര്‍ കാറില്‍ കയറി പുറപ്പെട്ടു. ഒരുകിലോമീറ്റര്‍ അകലെ തൃച്ചംബരം പട്ടപ്പാറയിലെ ‘അദ്വൈതം’ വീട്ടിലെത്തുമ്പോള്‍ പരിസരത്ത് വാഹനങ്ങളും ആള്‍ക്കൂട്ടവും പോലീസും മാധ്യമപ്രവര്‍ത്തകരും. ഇതോടെയാണ് മകന് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ടെന്ന് അമ്മ മനസിലാക്കുന്നത്.

ഒടുവില്‍ മകന്‍ ജീവനോടെയില്ലെന്ന വാര്‍ത്ത തിരിച്ചറിഞ്ഞപ്പോള്‍ ആ ഹൃദയം പിടച്ചു. വാവിട്ട് നിലവിളിച്ച അവരെ സമാധാനിപ്പിക്കാനാര്‍ക്കുമായില്ല. ചേട്ടന്‍ ധീരജ് കൊല്ലപ്പെട്ട വിവരം അറിഞ്ഞ അനുജന്‍ അദ്വൈത് വേദനകള്‍ എല്ലാം കടിച്ചമര്‍ത്തി വീടിന് മുറ്റത്ത് നില്‍ക്കുകയായിരുന്നു. ഒന്നും സംഭവിച്ചിട്ടില്ലമ്മേ എന്ന് അമ്മയം ആശ്വസിപ്പിക്കാന്‍ അവന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. നിയന്ത്രണം വിട്ടുപോയി. അമ്മയെ താങ്ങിപ്പിടിച്ച് വീട്ടിനകത്തേക്ക് കൊണ്ടുപോകുമ്പോള്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ തുനിഞ്ഞവരോട് ദയവുചെയ്ത് ഉപദ്രവിക്കരുതെന്ന് അദ്വൈത് അപേക്ഷിച്ചു. പുഷ്‌കലയുടെ നിലവിളി കേട്ടുനില്‍ക്കാനാകാതെ ആളുകള്‍ പിന്മാറി. ധീരജിന്റെ അച്ഛന്‍ രാജേന്ദ്രന്‍ പ്രതീക്ഷ നഷ്ടപ്പെട്ട് നിശ്ശബ്ദനായിരുന്നു.

ധീരജ് കൊല്ലപ്പെട്ട വിവരം ഉച്ചയോടെ ചാനലുകളിലൂടെ പരിസരാസികള്‍ അറിഞ്ഞിരുന്നു. അകത്തേക്കുപോയ പുഷ്‌കല വരുന്നവരോടും പോകുന്നവരോടും മകന്റെ വിവരം തിരക്കി. എല്ലാവരും ഒന്നും വിട്ടുപറയാതെ പിന്മാറി. വൈകുന്നേരം അഞ്ചോടെ സി.പി.എം. നേതാക്കളായ ജയിംസ് മാത്യുവും പി.കെ.ശ്യാമളയും അരീക്കമലയില്‍നിന്ന് ബന്ധുക്കളും വന്നു. അവരോടും പുഷ്‌കല മകന്റെ കാര്യം തിരക്കി. ഒടുവില്‍ മറ്റുവഴികളില്ലാതെ മരണ വിവരം പുഷ്‌കലയോട് അവര്‍ക്ക് പറയേണ്ടി വന്നു.

പിന്നീട് അദ്വൈതം വീട്ടില്‍ ഉയര്‍ന്നത് ചങ്കുപൊടിയുന്ന നിലവളിയായിരുന്നു. എന്റെ മോനെ കൊന്നവരോട് എന്നെക്കൂടി കൊല്ലാന്‍ പറ… എന്ന് പറഞ്ഞായിരുന്നു ആ അമ്മ നിലവളിച്ചത്. കേട്ടു നിന്നവര്‍ക്കും കണ്ട് നിന്നവര്‍ക്കും സഹിക്കാനാവാത്ത കാഴ്ച. ക്രിസ്മസ് അവധി കഴിഞ്ഞ് കോളജിലേക്ക് ധീരജ് മടങ്ങിയതേ ഉണ്ടായിരുന്നൊള്ളു. കുറച്ച് ദിവസം കൂടി കഴിഞ്ഞ് പോയാല്‍ പോരേ എന്ന് പുഷ്പകല ചോദിക്കുകയും ചെയ്തു. പോയിട്ട് വൈകാതെ തിരികെ വരാം എന്ന് അമ്മയ്ക്ക് ഉറപ്പ് നല്‍കി അവന്‍ വീട്ടില്‍ നിന്നും ഇറങ്ങുകയായിരുന്നു. തിരികെ നിശ്ചലമായി അവന്‍ എത്തുമെന്ന് ആരും കരുതിയിരുന്നില്ല.