ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തു; ദിലീപിനെതിരായ നടപടി നിലനില്‍ക്കില്ലെന്ന് അമ്മ; ദിലീപിന്റെ സംഘടനയിലേക്കുള്ള തിരിച്ചുവരവ് ഒരുവര്‍ഷത്തിനു ശേഷം

കൊച്ചി: താരസംഘടനയായ അമ്മയിലേക്ക് ദിലീപിന്റെ തിരിച്ചുവരവ്. കൊച്ചിയില്‍ ചേരുന്ന അമ്മ വാര്‍ഷിക ജനറല്‍ ബോഡിയിലാണ് തീരുമാനമെടുത്തത്. പുറത്താക്കിയ നടപടി സാങ്കേതികമായി നിലനിൽക്കുന്നതല്ലെന്നാണ് വിശദീകരണം. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതിയായ ദിലീപിനെ കഴിഞ്ഞ ഒരു വർഷമായി സംഘടനയിൽ നിന്ന് മാറ്റിനിർത്തിയിരിക്കുകയായിരുന്നു. വേണ്ട നടപടിക്രമം പാലിച്ചല്ല ദിലീപിനെ പുറത്താക്കിയതെന്നും യോഗത്തില്‍ വാദങ്ങളുയര്‍ന്നിരുന്നു.

ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തതിന്റെ അടുത്ത ദിവസം ജനറൽ സെക്രട്ടറി മമ്മൂട്ടിയുടെ വീട്ടിൽ ചേർന്ന അടിയന്തര നിർവാഹക സമിതി യോഗമാണു ട്രഷററായിരുന്ന ദിലീപിനെ സംഘടനയിൽനിന്നു പുറത്താക്കിയതായി പ്രഖ്യാപിച്ചത്.

ഇന്ന് കൊച്ചിയിൽ ചേർന്ന അമ്മയുടെ വാർഷിക പൊതുയോഗത്തിനിടെ മുതിർന്ന നടി ഊർമ്മിള ഉണ്ണിയാണ് ദിലീപിനെ സംഘടനയിൽ തിരിച്ചെടുക്കണം എന്ന് ആദ്യം ആവശ്യപ്പെട്ടത്. ഉടൻ തന്നെ അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു ചർച്ചയിൽ ഇടപെട്ടു. ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കിയത് നിയമപരമല്ലാതെയായിരുന്നെന്ന് ഇടവേള ബാബു അടക്കമുള്ള ഭൂരിഭാഗം താരങ്ങള്‍ അഭിപ്രായപ്പെട്ടു. ദിലീപിനെ അന്ന് അമ്മയില്‍ നിന്ന് പുറത്താക്കിയത് അദ്ദേഹത്തിനോട് വിശദീകരണം ചോദിക്കാതെയായിരുന്നുവെന്നും അമ്മയുടെ നടപടിയ്‌ക്കെതിരേ ദിലീപിന് കോടതിയെ സമീപിക്കാമായിരുന്നുവെങ്കിലും എന്നാല്‍ അങ്ങനെ ചെയ്യാതിരുന്നത് ആശ്വാസകരമായെന്ന് സിദ്ധിഖ് അഭിപ്രായപ്പെട്ടു.

അമ്മയിലേക്ക് മടങ്ങി വരാന്‍ താരത്തിന് താല്‍പര്യമുണ്ടോ എന്ന് ആരാഞ്ഞതിന് ശേഷം മാത്രമേ വിഷയത്തില്‍ ഭരണ സമിതി അന്തിമ തീരുമാനം എടുക്കുകയുള്ളൂ. ഇന്നത്തെ യോഗത്തിന്‍റെ അജണ്ടയ്ക്ക് പുറത്തുള്ള വിഷയമായതിനാല്‍ അടുത്ത എക്സിക്യൂട്ടീവ് യോഗത്തില്‍ വിഷയം പരിഗണിക്കാമെന്നും പരിഹാരം കാണാമെന്നുമുള്ള തീരുമാനത്തെ അംഗങ്ങള്‍ സ്വാഗതം ചെയ്തു.