കൊച്ചിയിലെ അന്തരീക്ഷത്തിൽ പടർന്ന് ഡയോക്സിൻ ; അനന്തരഫലം വിചാരിക്കുന്നതിനും അപ്പുറമാകുമെന്ന് വിദഗ്ധർ

കേരളം ഇന്നുവരെ കൈകാര്യം ചെയ്തിട്ടില്ലാത്ത ഒരു ദുരന്തത്തെയാണ് കൊച്ചിയിൽ ഇന്ന് വെള്ളമൊഴിച്ച് കെടുത്താൻ ശ്രമിക്കുന്നത്. ബ്രഹ്‌മപുരത്തെ മാലിന്യ പ്ലാന്റിലെ തീപിടിത്തം ഒരു ജനതയെ തന്നെ ശ്വാസംമുട്ടിക്കുകയാണ്. നഗരത്തിലെ വായു മണ്ണ് വെള്ളം എല്ലാം മലിനപ്പെട്ട അവസ്ഥ. കൊച്ചിയെയാകമാനം ബാധിക്കാൻ പോകുന്ന വലിയ വിപത്താണെന്ന് പരിസ്ഥിതി വിദഗ്ധർ പറയുന്നു.

മാലിന്യപ്ലാന്റിൽ നിന്ന് അന്തരീക്ഷത്തിലേക്ക് വൻതോതിൽ വന്നുചേർന്ന വിഷവാതകമായ ഡയോക്സിൻ വലിയൊരു അളവിൽ പ്രദേശമാകെ പടർന്നു കഴിഞ്ഞു. കാറ്റ് പോയിടത്തും വെള്ളം ഒഴുകുന്നിടത്തുമെല്ലാം ഡയോക്സിൻ ഹാനികരമായി മാറുമെന്നും ആണവ മാലിന്യം പോലെ തന്നെ അപകടമാണ്ഇതും.
സ്ഥിരമായ പാരിസ്ഥിതിക മലിനീകരണ ഘടകങ്ങളായ ഒരു കൂട്ടം രാസ സംയുക്തങ്ങളാണ് ഡയോക്സിനുകൾ.

അന്തരീക്ഷത്തിൽ പടർന്ന ഡയോക്സിനെ ഇനി തിരിച്ചു പിടിക്കാനാവില്ല. അന്തരീക്ഷത്തിൽ എത്രയളവിൽ ഡയോക്സിനുകൾ വ്യാപിച്ചുവെന്ന് അറിയാൻ കഴിയില്ലെന്നും ശാസ്ത്രവിദഗ്ധർ പറയുന്നു. ഡയോക്സിന്റെ പ്രത്യാഘാതം വളരെ വലുതാണ്. കണ്ണെരിച്ചൽ, ശ്വാസതടസം, തൊലിപ്പുറത്തെ ചൊറിച്ചിൽ എന്നിവയാണ് ഡയോക്സിൻ ശ്വസിച്ചാലുണ്ടാകുന്ന സാധാരണ ലക്ഷണങ്ങൾ. ഇതെല്ലം കൊച്ചിയിലെ ജങ്ങൾക്ക് അനുഭവപ്പെടുന്നുണ്ട്.

ഡയോക്സിൻ ശരീരത്തിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നു. ഇവ കാൻസർ, ആസ്മ, അലർജി പോലുള്ളവക്കും കാരണമായേക്കാമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കുട്ടികളിലെ രോഗപ്രതിരോധ ശേഷി, സ്വാഭാവിക വളർച്ച എന്നിവയേയും ഈ വാതകം ബാധിക്കും. പതിവായി ഡയോക്‌സിനുകൾ കലർന്ന അന്തരീക്ഷത്തിൽ കഴിയുന്നവർക്ക് അർബുദസാധ്യത വരെ ഉണ്ടാകും.

വളർന്ന് വരുന്ന ആൺകുട്ടികളിൽ ഉദ്ധാരണക്കുറവ്, പുരുഷ ഹോർമോണുകളുടെ കുറവ്, ഭ്രൂണത്തെ വഹിക്കാൻ ഗർഭപാത്രത്തിന് ശക്തിയില്ലാതെ ഇരിക്കുക, ക്രമമല്ലാത്ത ആർത്തവ ചക്രം, മുലപ്പാലിന്റെ കുറവ്, ചെറുപ്രായത്തിൽ വരുന്ന സ്തന അണ്ഡാശയ കാൻസർ വന്ധ്യത പ്രശ്‌നങ്ങൾ, എന്നിവയ്‌ക്കും ഡയോക്‌സിനുകൾ കാരണമാകും. 2002-ൽ ബ്രഹ്‌മപുരത്ത് നടന്ന തീപിടിത്തിൽ നടത്തിയ പഠനത്തിൽ ഡയോക്സിൻ വലിയൊരു അളവിൽ അന്തരീക്ഷത്തിലുണ്ടെന്ന് കണ്ടെത്തിയിരുന്നു.