കളക്ടറുടെ അവധി പ്രഖ്യാപനം വിവാദമായി; പ്രതിഷേധം പ്രകടിപ്പിച്ച് രക്ഷിതാക്കള്‍

കൊച്ചി. ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് താമസിച്ച് അവധി പ്രഖ്യാപിച്ച കളക്ടറുടെ നടപടിക്കെതിരെ രക്ഷിതാക്കള്‍. വിദ്യാര്‍ഥികള്‍ എല്ലാവരും സ്‌കൂളില്‍ എത്തിയ ശേഷമാണ് കളക്ടര്‍ രേണു രാജ് അവധി പ്രഖ്യാപിച്ചത്.

കളക്ടറെന്താ ഉറങ്ങിപ്പോയോ, ഇന്‍എഫിഷ്യന്റ് കളക്ടര്‍, ഈ പേജില്‍ കുത്തിയിരുന്ന് മടുത്തപ്പോഴാണ് സ്‌കൂളില്‍ വിട്ടത് തുടങ്ങി നിരവധി കമന്റുകളാണ് കളക്ടറുടെ ഫേസ്ബുക്ക് പേജില്‍ രക്ഷിതാക്കള്‍ കുറിക്കുന്നത്.

പ്രൊഫഷണല്‍ കോളേജുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ രാവിലെ അവധി പ്രഖ്യാപിച്ചത് എന്നാല്‍ അവധി പ്രഖ്യാപിച്ചപ്പോഴേക്കും ഭൂരിഭാഗം കുട്ടികളും സ്‌കൂളില്‍ എത്തിയിരുന്നു. സ്‌കൂളിലേക്ക് കുട്ടികള്‍ എത്തിയ സാഹചര്യത്തില്‍ തിരിച്ച് വിളിക്കുവാനുള്ള പ്രയോഗിക ബുദ്ധിമുട്ടുകലും രക്ഷിതാക്കള്‍ കളക്ടറുടെ പോസ്റ്റിനടിയില്‍ പങ്കുവെക്കുന്നു.

സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചെങ്കിലും അതിന്റെ ഗുണം കുട്ടികള്‍ക്ക് ലഭിക്കാത്താണ് രക്ഷിതാക്കളുടെ പ്രതിഷേധത്തിന് കാരണം. മിക്ക സ്‌കൂളുകളും ക്ലാസുകള്‍ നടത്തുവാന്‍ തീരുമാനിച്ചിട്ടുണ്ട്. അതേസമയം പ്രവര്‍ത്തനം തുടങ്ങിയ സ്‌കൂളുകള്‍ ഒന്നും അടയ്‌ക്കേണ്ടന്ന് കളക്ടര്‍ അറിയിച്ചു.