ആരാധകര്‍ എനിക്ക് വേണ്ടി വഴിപാടുകള്‍ നടത്തിയിരുന്നു, ഒരബദ്ധം ആര്‍ക്കാണ് പറ്റാത്തത്; ദിവ്യ ഉണ്ണി

ബാലതാരമായിട്ടാണ് ദിവ്യ ഉണ്ണി സിനിമയിലെത്തിയത്. ഫാസിലിന്റെ എന്റെ മാമാട്ടിക്കുട്ടിയമ്മയില്‍ ഭരത് ഗോപിയുടെ മകളായിട്ടാണ് ദിവ്യ അരങ്ങേറ്റം കുറിച്ചത്. പിന്നീട് രണ്ടാം ക്ലാസില്‍ പഠിക്കുമ്ബോള്‍ നീ എത്ര ധന്യ, കമല്‍ സംവിധാനം ചെയ്ത പൂക്കാലം വരവായി, ശ്രീക്കുട്ടന്‍ സംവിധാനം ചെയ്ത ഓ ഫാബി എന്നീ സിനിമകളിലും ബാലതാരമായി അഭിനയിച്ചു. തൊണ്ണൂറുകളില്‍ മുന്‍നിര നായികയായിരുന്ന ദിവ്യ ഉണ്ണി വിവാഹത്തോടെ സിനിമാ ജീവിതം അവസാനിപ്പിച്ച്‌ ഇപ്പോള്‍ നൃത്ത വിദ്യാലയവും അതിന്റെ നടത്തിപ്പുമായി തിരക്കിലാണ്.

ഇപ്പോള്‍ മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം കുടുംബജീവിതവുമായി സന്തോഷത്തോടെ കഴിയുന്ന ​ദിവ്യ സൂപ്പര്‍സ്റ്റാറുകള്‍ക്ക് ഒപ്പമുള്ള സിനിമാ അനുഭവത്തെ കുറിച്ചും ആരാധകരുടെ സ്നേഹത്തെ കുറിച്ചുമെല്ലാം തുറന്ന് പറഞ്ഞിരിക്കുകയാണ്. നടന്‍ മമ്മൂട്ടിക്കൊപ്പമുള്ള രസകരമായ അനുഭവത്തെ കുറിച്ച്‌ ദിവ്യാ ഉണ്ണി പറഞ്ഞത് ഇങ്ങനെയാണ്. ‘ഒരു മറവത്തൂര്‍ കനവ് സിനിമയുടെ ചിത്രീകരണം നടക്കുമ്ബോഴാണ് മമ്മൂക്കയ്ക്ക് ഒരു പുരസ്കാരം ലഭിച്ചത്. അപ്പോള്‍ ചെറിയ അഭിനന്ദന ചടങ്ങ് സം​ഘടിപ്പിച്ചിരുന്നു. അന്ന് ഞാനായിരുന്നു അവതാരിക. മമ്മൂക്കയെ പറ്റി കിടിലന്‍ ആമുഖം പറഞ്ഞ ഞാന്‍ അവസാനം പറഞ്ഞപ്പോള്‍ തെറ്റിപ്പോയി. മമ്മൂക്കയെ മറുപടി പ്രസം​ഗത്തിന് ക്ഷണിക്കുന്നുവെന്ന് പറയുന്നതിന് പകരം ഞാന്‍ പറഞ്ഞത് നന്ദി പറയാന്‍ മമ്മൂക്കയെ ക്ഷണിക്കുന്നവെന്നാണ്. ഞാന്‍ പറഞ്ഞ മണ്ടത്തരം കേട്ട് ചിലര്‍ ഒടിവന്ന് തിരുത്താന്‍ ആവശ്യപ്പെട്ടു. അവസാനം ഞാന്‍ എല്ലാവരുടേയും നിര്‍ബന്ധത്തിന് വഴങ്ങി തിരികെ പോയി മാറ്റി പറഞ്ഞു. ആര്‍ക്കാണ് ഒരു അബദ്ധം പറ്റാത്തത് എന്ന് പറഞ്ഞുകൊണ്ടാണ് ഞാന്‍ തിരുത്തിയത്. അതുകേട്ട് മമ്മൂക്ക അടക്കം ഭയങ്കര ചിരിയായിരുന്നു’ ദിവ്യാ ഉണ്ണി പറയുന്നു.

സിനിമയില്‍ അഭിനയിച്ച്‌ കൊണ്ടിരുന്ന സമയത്ത് തന്നെ തേടി എത്തിയിരുന്ന ആരാധകരുടെ നിരവധിയായ കത്തുകളെ കുറിച്ചും ദിവ്യാ ഉണ്ണി പറയുന്നു. ‘അഭിനയിച്ച്‌ കൊണ്ടിരുന്ന സമയത്ത് നിരവധി പേര്‍ കത്തുകള്‍ അയക്കുമാരുന്നു. പോരാതെ എന്റെ പേരില്‍ പ്രാര്‍ഥനകളും വഴിപാടുകളും കഴിപ്പിക്കുമായിരുന്നു. ഇപ്പോള്‍ മക്കളുടെ പേരില്‍ പോലും അവര്‍ പിറന്നാള്‍ ​ദിവസം ഓര്‍‌മിച്ച്‌ വെച്ച്‌ പ്രാര്‍ഥിക്കുകയും അതിന്റെ ചിത്രങ്ങള്‍ അയച്ച്‌ തരികയും ചെയ്യാറുണ്ട്’ ദിവ്യാ ഉണ്ണി പറയുന്ന. നല്ല കഥയും കഥാപാത്രവും ഒത്ത് വന്നാല്‍ സിനിമയിലേക്ക് തിരിച്ച്‌ വരണമെന്ന് ആ​ഗ്രഹിക്കുന്നതായും ദിവ്യാ ഉണ്ണി പറയുന്നു

വിനയന്‍ സംവിധാനം ചെയ്ത ഇനിയൊന്നു വിശ്രമിക്കട്ടെ എന്ന ഒരു ടെലിവിഷന്‍ സീരിയലിലും ഒരു പ്രധാന വേഷം അഭിനയിച്ചിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളില്‍ ചുരുങ്ങിയ കാലയളവില്‍ തിളങ്ങിയ നടിയാണ് ദിവ്യാ ഉണ്ണി. അമ്ബതിലധികം ചിത്രങ്ങളില്‍ ദിവ്യ ഉണ്ണി ചുരുങ്ങിയ സമയത്തിനുള്ളില്‍ അഭിനയിച്ചു. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം എന്നീ നൃത്തരൂപങ്ങള്‍ അഭ്യസിപ്പിക്കുന്ന അദ്ധ്യാപിക കൂടിയാണ് ദിവ്യ ഇപ്പോള്‍. കുടുംബത്തോടൊപ്പം അമേരിക്കയില്‍ സെറ്റിലായിരിക്കുകയാണ് ദിവ്യ.

1996ല്‍ പുറത്തിറങ്ങിയ കല്യാണസൗഗന്ധികം എന്ന ചിത്രത്തിലാണ് ദിവ്യ ഉണ്ണി ആദ്യമായി നായികയായി അഭിനയിച്ചത്. ദിലീപ്, കലാഭവന്‍ മണി എന്നിവര്‍ക്കൊപ്പമാണ് ദിവ്യ ഉണ്ണി അഭിനയിച്ചത്. പിന്നീട് മലയാളത്തിലെ മെ​ഗാസ്റ്റാറുകള്‍ക്കൊപ്പം നായിക വേഷം ചെയ്തു. പത്താം ക്ലാസില്‍ പഠിക്കുന്ന കാലത്താണ് ഈ ചിത്രത്തില്‍ പതിനാല് വയസുകാരിയായ ദിവ്യ നായികയായത്. മെ​ഗാസ്റ്റാറുകള്‍ക്ക് ഒപ്പം മാത്രമല്ല കഴിവുറ്റ പ്രതിഭകളായ സംവിധായകന്‍ ഭരതന്‍, ഐ.വി ശശി, സിബി മലയില്‍, ലോഹിതദാസ് എന്നീ സംവിധായകരുടെ ചിത്രങ്ങളിലും അഭിനിയക്കുവാനുള്ള അവസരം ദിവ്യക്ക് ലഭിച്ചു. 1990ലും 1991ലും ദിവ്യ ഉണ്ണി കേരള സ്കൂള്‍ കലോല്‍സവത്തില്‍ സംസ്ഥാനതലത്തില്‍ കലാതിലകമായിരുന്നു. ശ്രീപാദം എന്ന പേരിലാണ് ദിവ്യ ഉണ്ണി ഇപ്പോള്‍ ഡാന്‍സ് സ്കൂള്‍ നടത്തുന്നത്.

 

മാര്‍ക്ക് ആന്റണി, ആകാശ​ഗം​ഗ, ഉസ്താദ്, ഫ്രണ്ട്സ്, സൂര്യപുത്രന്‍, ഒരു മറവത്തൂര്‍ കനവ്, കഥാനായകന്‍, കാരുണ്യം എന്നിവയാണ് ദിവ്യാ ഉണ്ണിയുടെ പ്രധാന സിനിമകള്‍. ആദ്യ വിവാഹം പരാജയപ്പെട്ടതോടെ 2018ല്‍ ആണ് താരം വീണ്ടും വിവാഹിതയായത്.