ബിപിഎൽ, ആശ്രയ കുടുബങ്ങളിൽ നിന്ന് ഹരിത കർമ്മ യൂസർ ഫീ വാങ്ങരുത്- ഉത്തരവ്

ബിപിഎൽ, ആശ്രയ കുടുബങ്ങളിൽ നിന്ന് ഹരിത കർമ്മ യൂസർ ഫീ വാങ്ങരുതെന്ന ഉത്തരവുമായി തദ്ദേശ സ്വയംഭരണ വകുപ്പ്. ഇത്തരം കുടുംബങ്ങളിൽ നിന്നുള്ള ഫീ അതത് തദ്ദേശ സ്ഥാപനങ്ങൾ വഹിക്കണമെന്നും ജോയിന്റെ സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. ബിപിഎൽ, ആശ്രയ കുടുബങ്ങളെ യൂസർ ഫീയിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് 12-8-2020 മുതൽ നിലനിൽക്കുന്നതാണ്. എല്ലാ തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളും ഇത് പാലിക്കേണ്ടതും ജോയിന്റ് സെക്രട്ടറിമാർ നടപടികൾ സ്വീകരിക്കേണ്ടതുമാണ്.

അതേ സമയം ഹരിത കർമ സേനയ്ക്ക് യൂസർ ഫീ നൽകിയില്ലെങ്കിൽ വസ്തു നികുതിയിൽ കൂട്ടുമെന്ന് അടുത്തിടെ സർക്കാർ ഉത്തരവിറക്കിയിരുന്നു. കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ അജൈവ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതാണ് ഹരിത കർമ സേന. എല്ലാ വാർഡുകളിലും ഇവരുടെ സേവനമുണ്ട്. വീടുകളിലെത്തി അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിന് വീട്ടുകാർ യൂസർ ഫീ നൽകണം. തദ്ദേശ സ്ഥാപനങ്ങളുടെ സ്വഭാവവും പ്രദേശത്തിന്‍റെ പ്രത്യേകതയും അനുസരിച്ച് 50 മുതൽ 100 രൂപവരെയാണ് പ്രതിമാസ യൂസര്‍ ഫീ. സ്വന്തമായി പുരയിടമുള്ളവര്‍ക്ക് പോലും അജൈവമാലിന്യം കുഴിച്ചിടാനോ കത്തിച്ച് കളയാനോ നിലവിൽ വ്യവസ്ഥയില്ല.

കുടുംബശ്രീ മിഷന്‍റെ നേതൃത്വത്തിൽ സംസ്ഥാനത്ത് നിലവിൽ 30,000 ഹരിത കര്‍മ്മ സേന അംഗങ്ങളുണ്ട്. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന അജൈവ മാലിന്യം ഹരിതകര്‍മ്മ സേന ഗ്രീൻ കേരള കമ്പനിക്കാണ് കൈമാറുന്നത്. അലക്ഷ്യമായി മാലിന്യം കൈകാര്യം ചെയ്യുന്നവര്‍ക്കെതിരെ കനത്ത പിഴ അടക്കമുള്ള തീരുമാനങ്ങളും ഉടനുണ്ടാകുമെന്ന് തദ്ദേശ വകുപ്പ് വിശദീകരിച്ചു.