സജി ചെറിയാന് കുരുക്ക്, പൊലീസിന്റെ ക്ലീന്‍ ചിറ്റ് റിപ്പോര്‍ട്ട് പരിഗണിക്കരുത് – പരാതിക്കാരൻ

പത്തനംതിട്ട. സജി ചെറിയാനെ വീണ്ടും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ പരാതിക്കാരനായ അഭിഭാഷകന്‍ കോടതിയിൽ. തിരുവല്ല കോടതിയിലാണ് പരാതിക്കാരൻ അപേക്ഷ നല്‍കിയത്. വിവാദപ്രസംഗത്തില്‍ സജി ചെറിയാന് ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ടുള്ള പൊലീസിന്റെ റിപ്പോര്‍ട്ട് പരിഗണിക്കരുതെന്നും, സജി ചെറിയാനെതിരായ കേസിലെ നടപടികള്‍ തല്‍ക്കാലം നിര്‍ത്തിവെക്കണമെന്നുമാണ് പരാതിക്കാരന്‍ അപേക്ഷയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹൈക്കോടതിയിലെ ഹര്‍ജി ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരന്റെ ഈ ആവശ്യം. ഈ റിട്ട് ഹര്‍ജിയില്‍ കോടതി വിധി പുറപ്പെടുവിച്ചിട്ടില്ല. ഇതില്‍ കോടതി അന്തിമ തീര്‍പ്പു കല്‍പ്പിക്കുന്നതുവരെ നടപടി നിര്‍ത്തിവെക്കണം. വിവാദപ്രസംഗത്തില്‍ സജി ചെറിയാന് ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ടുള്ള പൊലീസിന്റെ റിപ്പോര്‍ട്ട് പരിഗണിക്കരുതെന്നും പരാതിക്കാരന്‍ ആവശ്യപ്പെടുന്നു.

പോലീസിന്റെ റിപ്പോർട്ട് സജി ചെറിയാനെ കുറ്റവിമുക്തനാക്കാന്‍ തട്ടിക്കൂട്ടിയതാണ്. സജി ചെറിയാന്റെ ശബ്ദ പരിശോധന നടത്തിയില്ല, ശാസ്ത്രീയ പരിശോധനാ ഫലത്തിനുവേണ്ടി കാത്തുനിന്നില്ല. 39 സാക്ഷികളുടെ മൊഴിയെടുത്തെങ്കിലും ഒന്നും രേഖപ്പെടുത്തിയില്ല. പ്രസംഗം കേട്ട പാര്‍ട്ടിക്കാരെ മാത്രമാണ് പൊലീസ് വിശ്വാസത്തിലെടുത്തത്. നിയമവിരുദ്ധമായ പൊലീസ് നടപടിയില്‍ മനംനൊന്താണ് താന്‍ ഹൈക്കോടതിയെ സമീപിച്ചതെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.