ബൈഡന്റെ സത്യപ്രതിജ്ഞാച്ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ട്വീറ്റ്; വാശി തുടര്‍ന്ന് ട്രംപ്

തന്റെ അനുകൂലികള്‍ യുഎസ് പാര്‍ലമെന്റിലേക്ക് അതിക്രമിച്ച് കയറി നടത്തിയ പ്രക്ഷോഭത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടിട്ടും ദാര്‍ഷ്ഠ്യം വെടിയാതെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തില്ലെന്ന് ട്രംപ് തന്റെ ട്വിറ്ററിലൂടെ അറിയിച്ചു. ബൈഡന്റെ വിജയം അംഗീകരിക്കുന്നില്ലെന്ന് ആവര്‍ത്തിച്ച ട്രംപ് അധികാര കൈമാറ്റം നടത്താന്‍ തയ്യാറാണെന്ന് അറിയിച്ചിരുന്നു. എന്നാല്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ താന്‍ പങ്കെടുക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി.

പാര്‍ലമെന്റിലേക്ക് റിപ്പബ്ലിക്കന്‍ അനുയായികളെ ഇളക്കിവിട്ടത് ട്രംപിന്റെ പ്രകോപനങ്ങളാണെന്ന വാദം ശക്തമായിരിക്കേയാണ് പ്രതിപക്ഷ ബഹുമാനം കാണിക്കാതെ ട്രംപ് വാശിപിടിക്കുന്നത്. അമേരിക്കന്‍ ജനാധിപത്യത്തിന്റെ ചരിത്രത്തില്‍ നാണക്കേടുണ്ടാക്കിയ സംഭവത്തെത്തുടര്‍ന്ന് ലോകം മുഴുവനും ട്രംപിനെ വിമര്‍ശിക്കുമ്പോഴും നിസ്സംഗത തുടരുകയാണ് ട്രംപ്. അക്രമത്തിന്റെ ഉത്തരവാദിത്തം ട്രംപിന് മാത്രമാണെന്നും പ്രസിഡന്റ് സ്ഥാനത്തുനിന്നും പുറത്താക്കണമെന്നുമുള്ള ആവശ്യം എല്ലാ ഭാഗത്തുനിന്നും ഉയരുന്നുണ്ട്. പ്രസിഡന്റിനെ ഇംപീച്ച് ചെയ്യണമെന്നും ഡെമോക്രാറ്റുകള്‍ ആവശ്യപ്പെട്ടുകഴിഞ്ഞു.

അതേസമയം ജനുവരി ഇരുപതിന് അമേരിക്കയുടെ പുതിയ പ്രസിഡന്റ് ജോ ബൈഡന്‍ അധികാരമേല്‍ക്കും. മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാരടക്കം പങ്കെടുക്കുന്ന ചടങ്ങില്‍ ബൈഡനൊപ്പം വൈസ് പ്രസിഡന്റായ കമലാ ഹാരിസും സ്ഥാനമേല്‍ക്കും.