നിറത്തിന്റെ പേരില്‍ ഇന്ത്യക്കാരെ അപമാനിക്കരുത്, ഈ രാജ്യവും ഞാനും സഹിക്കില്ല, പിത്രോദയോട് മോദി

വാറംഗല്‍ : ഇന്ത്യൻ പൗരൻമാരെ വംശീയമായി അധിക്ഷേപിച്ച ഓവർസീസ് കോൺഗ്രസ് നേതാവ് സാം പിത്രോദയുടെ പരാമർശത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യക്കാരെ നിറത്തിന്റെയും വര്‍ണത്തിന്റെയും പേരില്‍ അപമാനിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇതിന് രാഹുല്‍ ഗാന്ധി മറുപടി പറയണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

എന്നെ അപമാനിച്ചോളൂ, പക്ഷേ ഇന്ത്യക്കാരെ നിറത്തിന്റെയും വര്‍ണത്തിന്റെയും പേരില്‍ അപമാനിക്കരുത്. അത് ഈ രാജ്യവും ഞാനും സഹിക്കില്ല. കോണ്‍ഗ്രസിലെ ഒരു മുതിര്‍ന്ന നേതാവാണ് ഇത്തരത്തില്‍ വംശീയ പരാമര്‍ശം നടത്തിയിരിക്കുന്നത്. കോണ്‍ഗ്രസിന്റെ ‘രാജകുമാരന്‍’ രാഹുല്‍ ഗാന്ധി അതിന് മറുപടി പറഞ്ഞേ മതിയാവൂ, മോദി ആവശ്യപ്പെട്ടു.

വൈവിധ്യങ്ങള്‍ക്കിടയിലും ഇന്ത്യ എത്ര നന്നായാണ് ജനാധിപത്യം കാത്തുസൂക്ഷിക്കുന്നതെന്ന് വിവരിക്കുന്നതിനിടയിലായിരുന്നു പിത്രോദയുടെ വിവാദ പരാമര്‍ശം. ഇന്ത്യയുടെ കിഴക്കന്‍ മേഖലയിലുള്ളവര്‍ ചൈനക്കാരെ പോലെയും പടിഞ്ഞാറുള്ളവര്‍ അറബികളെ പോലെയും വടക്കുള്ളവര്‍ വെള്ളക്കാരെ പോലെയും ദക്ഷിണേന്ത്യയില്‍ ഉള്ളവര്‍ ആഫ്രിക്കക്കാരെ പോലെയുമാണെന്നാണ് സാം പിത്രോദ പറഞ്ഞത്.