ചാന്‍സലര്‍ പദവി ഒഴിയില്ലെന്ന് ഉറച്ച് ഗവർണർ; നിയമലംഘനം അനുവദിക്കില്ല

തിരുവനന്തപുരം: ചാന്‍സലര്‍ പദവി ഒഴിയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണറാണ് കാലങ്ങളായി സര്‍വകലാശാലകളിലെ ചാന്‍സലര്‍. മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് സര്‍വകലാശാലകളെ നിയന്ത്രിക്കുന്നു. സര്‍വകലാശാലകളില്‍ ഒരുതരത്തിലുള്ള നിയമലംഘനവും അനുവദിക്കില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ വ്യക്തിപരമായ എതിരിടാനില്ല. ഒരു തരത്തിലുള്ള നിയമലംഘനവും അനുവദിക്കില്ല. വ്യക്തികള്‍ക്കല്ല പ്രാധാന്യം നല്‍കുന്നതെന്നും ഗവര്‍ണര്‍ കൊച്ചിയില്‍ പറഞ്ഞു.

അതേസമയം സർവകലാശാല നിയമനങ്ങൾക്ക് പിന്നാലെ മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനങ്ങളിലും ഇടപെടാൻ തീരുമാനിച്ചിരിക്കുകയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനം വിഷയം ദേശീയ തലത്തിൽ അടക്കം ഉയർത്തുമെന്ന് ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയിരുന്നു.

കോടതിയിൽ എത്തിയാൽ ഈ വിഷയത്തിലും നടപടി ഉണ്ടാകുമെന്ന് ഉറപ്പാണെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. മൈനസ് 40 ഡിഗ്രിയിൽ സേവനം ചെയ്യുന്ന സൈനികർക്ക് പെൻഷൻ ലഭിക്കാൻ 10 വർഷം കാത്തിരിക്കേണ്ടപ്പോൾ കേരളത്തിൽ മന്ത്രിമാരുടെ സ്റ്റാഫിന് പെൻഷൻ ലഭിക്കാൻ രണ്ടുവർഷം മതിയെന്നും ഇതു കൊള്ളയാണെന്നും അദ്ദേഹം വിമർശിച്ചു.