ഓടുന്ന കെ.എസ്.ആർ.ടിസി ബസിൻ്റെ ഡോർ തുറന്ന് പുറത്തേയ്ക്ക് വീണു, കാട്ടാക്കടയിൽ പ്ലസ് ടു വിദ്യാർത്ഥിയ്ക്ക് പരിക്ക്

കാട്ടാക്കട: ഓടുന്ന കെ.എസ്.ആർ.ടിസി ബസിൻ്റെ ഡോർ തുറന്ന് പുറത്തേയ്ക്ക് വീണ് പ്ലസ് ടു വിദ്യാർത്ഥിയ്ക്ക് പരിക്ക്. തിരുമല എഎംഎച്ച്എസിലെ പ്ലസ് ടു വിദ്യാർത്ഥി സന്ദീപിന് ആണ് ഗുരുതര പരിക്കേറ്റത്.

രാവിലെ എട്ടരയോടെയാണ് അന്തിയൂർക്കോണം പാലത്തിനു സമീപമാണ് അപകടം. കൊല്ലോട്, പൊട്ടൻകാവ് സ്വദേശിയായ സന്ദീപ് സ്കൂളിൽ പോകാനാണ് ബസ് കയറിയത്. പാലം കഴിയെവെ ഡോർ തുറന്ന് പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു. ബസ് ഗട്ടറിൽ ചാടിയപ്പോഴാണ് ഡോർ തുറന്നു പോയത്. വിദ്യാർത്ഥി പുറത്തേക്ക് തെറിച്ചു വീഴുന്നത് കണ്ട് യാത്രക്കാർ വിളിച്ചു പറഞ്ഞിട്ടും ബസ് നിർത്താതെ പോയെന്നാണ് പരാതി. പിന്നാലെ എത്തിയ മറ്റു വാഹന യാത്രക്കാരും നാട്ടുകാരും ചേർന്ന് RAC 387 എന്ന നമ്പരുള്ള ബസ് സമീപത്ത് തടഞ്ഞിടുകയായിരുന്നു. സംഭവത്തിൽ സന്ദീപിന്റെ പിതാവ് സതീഷ് കുമാർ മലയിൻകീഴ് പോലീസിൽ പരാതി നൽകി.

സംഭവം അറിഞ്ഞെത്തിയ പിതാവും നാട്ടുകാരും ചേർന്നാണ് വിദ്യാർത്ഥിയെ ആശുപത്രിയിൽ എത്തിച്ചത്. സന്ദീപിന്റെ ഇരു കൈകളിലും മുട്ടിലും പരുക്കുണ്ട്. ഇടുപ്പിൽ മുറിവുണ്ടായതിനെ തുടർന്ന് മൂന്ന് തുന്നലുണ്ട്‌. നാട്ടുകാർ തടഞ്ഞിട്ട ബസ് മലയിൻകീഴ് പോലീസ് എത്തിയാണ് യാത്ര തുടരാൻ അനുവദിച്ചത്.