മലപ്പുറത്ത് ഡ്രൈവിം​ഗ് സ്കൂൾ മാഫിയ, കൂട്ടിന് ഉദ്യോ​ഗസ്ഥർ, മന്ത്രിയുടെ പരാമര്‍ശത്തിന് എതിരെ സിഐടിയു

മലപ്പുറത്ത് മാഫിയയുണ്ടെന്ന മന്ത്രിയുടെ പരാമര്‍ശത്തിന് എതിരെ സിഐടിയു. സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായ പ്രതിഷേധങ്ങൾക്ക് പിന്നിൽ ഡ്രൈവിംഗ് സ്കൂള്‍ മാഫിയ സംഘങ്ങളാണ് . ഇത്തരം സംഘങ്ങൾ മലപ്പുറത്തുണ്ട്. ഇവർക്ക് കൂട്ടായി ഉദ്യോഗസ്ഥരും ഉണ്ട്. നേരത്തെ ഈ ഉദ്യോഗസ്ഥര്‍ വൻ തോതിൽ പണം വെട്ടിച്ചു. അഴിമതി കാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കർശന നടപടി തുടരും. മലപ്പുറം ആര്‍ടി ഓഫീസിൽ നടന്നത് മൂന്നുകോടിയുടെ വെട്ടിപ്പാണ്. ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തു. വ്യാജ രസീത് ഉണ്ടാക്കി നികുതി വെട്ടിച്ചു’ എന്നാണ് മന്ത്രി പറഞ്ഞത്. ഇതിനെതിരെയാണ് പ്രതിഷേധം ശക്തമായത്. പരിഷ്കരണങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും പ്രതിഷേധം കണ്ട് പിന്മാറില്ലെന്നും മന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്.

മാഫിയയും ചില ഉദ്യോഗസ്ഥരും ചേര്‍ന്ന് മലപ്പുറത്ത് ആര്‍ടിഒ ഓഫീസ് ഭരിക്കുകയാണ്. മൂന്നുകോടി രൂപയുടെ വെട്ടിപ്പാണ് നടത്തിയത്. ഇവരെ തിരുവനന്തപുരത്ത് വരുത്തി പരിശോധിച്ചു. ആര്‍ക്കും തന്നെ വിജയിക്കാന്‍ സാധിച്ചില്ല. ലൈസന്‍സ് എന്ന് പറയുന്നത് ലൈസന്‍സ് ടു ഡ്രൈവ് എന്നാണ്, ലൈസന്‍സ് ടു കില്‍ എന്നല്ല അതെ സമയം ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. ”ഒരുദിവസം ആറു മണിക്കൂര്‍ കൊണ്ട് 126 ലൈസന്‍സ് കൊടുക്കുകയാണ്. ലൈസന്‍സ് എടുക്കാനുള്ള സമയം പരിശോധിക്കണം. കൊടുക്കുന്ന ആള്‍ ശ്വാസംവിടാതെയാണ് ലൈസന്‍സ് കൊടുക്കുന്നത്. എങ്ങനെയാണ് അത്തരത്തില്‍ ലൈസന്‍സ് കൊടുക്കാന്‍ സാധിക്കുന്നത്

മന്ത്രിയുടെ പരാമര്‍ശത്തിന് എതിരെ സിഐടിയു രംഗത്തെത്തി. മലപ്പുറവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശം വംശീയമാണ് എന്നാണ് സിഐടിയു മലപ്പുറം ജില്ലാ സെക്രട്ടറി അബ്ദുള്‍ ഗഫൂറിന്റെ പ്രതികരണം. ”മലപ്പുറം എന്നു കേള്‍ക്കുമ്പോള്‍ തന്നെ പലര്‍ക്കും പ്രശ്‌നമാണ്. തൊപ്പിയും തലയില്‍ക്കെട്ടും കാണുമ്പോള്‍ ചിലര്‍ക്കുണ്ടാകുന്ന പ്രശ്‌നമുണ്ടല്ലോ, അതായിരിക്കാനാണ് സാധ്യത. എന്തെങ്കിലും പ്രശ്‌നം വരുമ്പോള്‍ അതിനെ എതിര്‍ക്കുന്നതിനെ മാഫിയ സംഘമാണെന്ന് പറഞ്ഞാല്‍ പ്രതിഷേധമുണ്ട്. ഇവിടെ സിഐടിയുവാണ് പ്രതിഷേധിക്കുന്നത്,

മാഫിയ അല്ല”, അബ്ദുള്‍ ഗഫൂര്‍ പറഞ്ഞു. പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ചില വിട്ടുവീഴ്ചകള്‍ക്ക് ഗതാഗത മന്ത്രി തയ്യാറായെങ്കിലും അപ്രായോഗിക നിര്‍ദ്ദേശങ്ങളെന്ന് പറഞ്ഞ് പരിഷ്‌കരണങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന് ആദ്യം സിഐടിയു നിലപാടെടുക്കുകയായിരുന്നു. റോഡ് ടെസ്റ്റിനു ശേഷം ‘എച്ച്’ ടെസ്റ്റ് നടത്തുക. ടാര്‍ ചെയ്തോ കോണ്‍ക്രീറ്റ് ചെയ്തോ സ്ഥലമൊരുക്കിയ ശേഷം വരകളിലൂടെ വാഹനം ഓടിക്കുക, ഡ്രൈവിങ്, വശം ചെരിഞ്ഞുള്ള പാര്‍ക്കിങ്, വളവുകളിലും കയറ്റിറക്കങ്ങളിലും വാഹനം ഓടിക്കല്‍ തുടങ്ങിയവയെല്ലാം പുതിയ ടെസ്റ്റിന്റെ ഭാഗമാണ്. പ്രതിദിനം നല്‍കുന്ന ലൈസന്‍സുകളുടെ എണ്ണത്തിലുമുണ്ട് നിയന്ത്രണം. പുതിയതായി ടെസ്റ്റില്‍ പങ്കെടുത്ത 40 പേര്‍ക്കും തോറ്റവര്‍ക്കുളള റീ ടെസ്റ്റില്‍ ഉള്‍പ്പെട്ട 20 പേര്‍ക്കുമായി അറുപത് പേര്‍ക്ക് ലൈസന്‍സ് നല്‍കാനാണ് പുതിയ നിര്‍ദേശം.

മേയ് മുതൽ റിവേഴ്സ് പാർക്കിംഗും ഗ്രേഡിയന്റ് പരീക്ഷണവും ഉൾപ്പെടെ ഡ്രൈവിംഗ് ടെസ്റ്റ് കർശനമാക്കാനാണ് ഉത്തരവ്. നാലു ചക്രവാഹനങ്ങൾക്ക് റോഡ് ടെസ്റ്റിന് ശേഷമായിരിക്കും ‘എച്ച്’ ടെസ്റ്റ് നടത്തുക. റോഡ് ടെസ്റ്റിൽ വിജയിച്ചാൽ മാത്രമേ ‘എച്ച്’ എടുക്കാൻ അനുവദിക്കൂ. നിലവിൽ തിരിച്ചാണ്. ടെസ്റ്റ് കർശനമാക്കുന്നതിന്റെ ഭാഗമാണിത്.

പലപ്പോഴും റോഡ് ടെസ്റ്റ് ‘വഴിപാടായി’ മാറുന്നുവെന്ന വിമർശനം ഒഴിവാക്കാൻ കൂടിയാണ് പുതിയ പരിഷ്കാരം. ട്രാഫിക് നിയമങ്ങൾ മനസിലാക്കി നന്നായി വാഹനമോടിക്കാനായാൽ ‘എച്ച്’ ടെസ്റ്റ് കഠിനമായി തോന്നില്ലെന്നും വിലയിരുത്തുന്നു. പുതുതായി 40 പേർക്കും തോറ്റവർക്കുളള റീ ടെസ്റ്റിൽ ഉൾപ്പെട്ട 20 പേർക്കുമടക്കം 60 പേർക്കായിരിക്കും ദിവസവും ടെസ്റ്റ് നടത്തുക.

അതേസമയം, ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിൽ ആശയക്കുഴപ്പം തുടരുകയാണ്. പുതിയ തീരുമാനങ്ങളിൽ ഗതാഗതകമ്മീഷണർ ഇതേവരെ സർക്കുലർ ഇറക്കിയില്ല. ഇതേതുടര്‍ന്ന് പ്രതിദിനം എത്ര ടെസ്റ്റുകള്‍ നടത്തണമെന്ന കാര്യത്തിലാണ് ആര്‍ടിഒമാര്‍ക്കിടയിൽ ആശയക്കുഴപ്പം തുടരുന്നത്.