എല്ലാ കാര്യത്തിലുമെനിക്ക് റോൾ മോഡലായ, ലോകം ആഘോഷിക്കുന്ന എന്റെ ഹീറോ- ദുൽഖർ

മമ്മൂട്ടിയുടെ ജന്മദിനത്തിൽ ദുൽഖർ സൽമാൻ സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്ത കുറിപ്പ് ശ്രദ്ധേയമാകുന്നു. കുറിപ്പിൽ നിറയുന്നത് പ്രിയപ്പെട്ട വാപ്പച്ചിയോടുള്ള ആരാധനയും സ്നേഹവുമാണ്. “കുട്ടിയായിരുന്നപ്പോൾ, വളരുമ്പോൾ നിങ്ങളെ പോലെയുള്ള ഒരു പുരുഷനാവണമെന്നാണ് ഞാൻ ആഗ്രഹിച്ചത്. ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ നിങ്ങളെ പോലെയൊരു നടൻ ആവണമെന്ന് ആഗ്രഹിച്ചു. ഞാൻ ഒരു പിതാവായപ്പോഴും നിങ്ങളെ പോലെ ആവാനാണ് ആഗ്രഹിച്ചത്. ഒരു ദിവസം ഞാൻ നിങ്ങളുടെ പാതിയെങ്കിലുമായി തീരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, പാ!

ഏറ്റവും സന്തോഷകരമായ ജന്മദിനം ആശംസിക്കുന്നു. നിങ്ങൾക്ക് മാത്രം കഴിയുന്ന രീതിയിൽ ലോകത്തെ വിസ്മയിപ്പിക്കുന്നതും വിനോദിപ്പിക്കുന്നതും പ്രചോദിപ്പിക്കുന്നതും തുടരുക,” ദുൽഖർ കുറിക്കുന്നു. പ്രിയപ്പെട്ട ദിവസം, ലോകം ആഘോഷിക്കുന്ന എന്റെ ഹീറോ, വൺമാൻ, ഫാൻ ബോയ് ഫസ്റ്റ്, മൈ ഡാഡി സ്ട്രോങ്ങസ്റ്റ് തുടങ്ങിയ ഹാഷ് ടാഗുകളോടെയാണ് ദുൽഖർ കുറിപ്പ് ഷെയർ ചെയ്തിരിക്കുന്നത്

മമ്മൂട്ടി എന്നാൽ സിനിമാ പ്രേമികൾക്ക് അതൊരു വികാരമാണ്. നാല് പതിറ്റാണ്ടിലേറെയായി സിനിമാ ലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച്, ആരാധകരുടെ ഇടനെഞ്ചിൽ ഇടംപിടിച്ച മമ്മൂക്കയുടെ ജന്മദിനമാണ് ഇന്ന്. പ്രായം 72 ആയെങ്കിലും, മമ്മൂക്കയെ സംബന്ധിച്ച് അത് വെറും നമ്പർ മാത്രമാണ്. മലയാളികളുടെ മനസിൽ ഇന്നും പ്രായം കൂടാത്ത ഒരേയൊരു താരമാണ് പ്രിയപ്പെട്ട മമ്മൂക്ക.

1951 സെപ്റ്റംബർ 7-ന് ആലപ്പുഴ ജില്ലയിലെ ചന്തിരൂർ എന്ന സ്ഥലത്താണ് മമ്മൂട്ടിയുടെ ജനനം. ഇസ്മയിൽ- ഫാത്തിമ ദമ്പതികളുടെ മൂത്തമകനായി ഒരു സാധാരണ മുസ്ലീം കുടുംബത്തിലാണ് മമ്മൂട്ടി ജനിച്ചത്. കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് എന്ന സ്ഥലത്തായിരുന്നു അദ്ദേഹം വളർന്നത്. പഠിക്കുന്ന കാലത്തും കലാകായിക രംഗങ്ങളിൽ സജീവമായിരുന്നു മമ്മൂട്ടി. കൊച്ചിയിലെ മഹാരാജാസ് കോളേജിൽ നിന്നാണ് മമ്മൂട്ടി ബിരുദം നേടിയത്. തുടർന്ന് എറണാകുളത്തുള്ള ഗവൺമെന്റ് ലോകോളേജിൽ നിന്ന് അഭിഭാഷകനായി പുറത്തിറങ്ങിയ മമ്മൂട്ടി, മഞ്ചേരിയിൽ അഡ്വക്കേറ്റ് ശ്രീധരൻ നായരുടെ ജൂനിയർ അഭിഭാഷകനായി രണ്ടു വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്.