ഒരു ഡസനോളം പിറന്നാളുകൾ നമ്മൾ ഒരുമിച്ച് ആഘോഷിച്ചു, ഭാര്യക്ക് ആശംസയുമായി ദുൽഖർ

ഭാര്യ അമാലിന്റെ ജന്മദിനത്തിൽ ദുൽഖർ പങ്കിട്ട കുറിപ്പ് ശ്ര​ദ്ധേയമാകുന്നു. “ആം, മമ്മാ!” ഞങ്ങളുടെ വീട്ടിലെ ഏറ്റവും സാധാരണമായ രണ്ട് ശബ്ദങ്ങള്‍. നിങ്ങളെത്ര ക്ഷീണിതയാണെങ്കിലും എല്ലായ്‌പ്പോഴും ഞങ്ങള്‍ക്കായി ഊര്‍ജം കണ്ടെത്തുന്നു. ഒരു ഡസനോളം പിറന്നാളുകള്‍ നമ്മളൊന്നിച്ച്‌ ആഘോഷിച്ചു. നിങ്ങള്‍ അനുദിനം വളരുന്നത് ഞാൻ കാണുന്നു, പക്ഷേ നിങ്ങള്‍ ആരാണെന്നത് ഒരിക്കലും മാറുന്നില്ല. ജീവിതത്തില്‍ അനായാസമായി നിരവധി വേഷങ്ങള്‍ ചെയ്യുന്നു.

ശാന്തതയും ശക്തിയും വളര്‍ത്താനുള്ള നിങ്ങളുടെ സഹജമായ കഴിവാണ് നിരവധി ആളുകളെ നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നത്. എപ്പോഴും നീയായിരിക്കുന്നതിന് നന്ദി. നിങ്ങള്‍ക്ക് ഏറ്റവും സന്തോഷകരമായ ജന്മദിനം ആശംസിക്കുന്നു ആം! ഞാൻ നിന്നെ വളരെക്കാലമായി സ്നേഹിക്കുന്നുവെന്നാണ് ദുൽഖർ കുറിച്ചത്

2011 ഡിസംബര്‍ 22 നായിരുന്നു ഇരുവരുടെയും വിവാഹം. ചെന്നൈ സ്വദേശിയായ അമാല്‍ ആര്‍ക്കിടെക്റ്റാണ്. വീട്ടുകാരുടെ ആശിര്‍വാദത്തോടെ നടന്ന ഒരു പ്രണയ വിവാഹമായിരുന്നു തന്റേതെന്നാണ് ദുല്‍ഖര്‍ മുൻപൊരിക്കല്‍ പറഞ്ഞത്. ദുല്‍ഖര്‍ പഠിച്ച അതേ സ്കൂളില്‍ തന്നെയായിരുന്നു അമാലും പഠിച്ചിരുന്നത്. ദുല്‍ഖറിനേക്കാള്‍ അഞ്ച് വര്‍ഷം ജൂനിയറായിരുന്നു അമാല്‍.