സിൽവർലൈൻ നടപ്പാക്കാനാകില്ല, വേണ്ടത് ഹൈസ്പീഡ് റെയിലെന്ന് ഇ. ശ്രീധരൻ, റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം : സംസ്ഥാനസർക്കാരിന്റെ സ്വപ്നപദ്ധതി സിൽവർലൈൻ അതേപടി നടപ്പാക്കാനാകില്ലെന്ന്
മെട്രോമാൻ ഇ. ശ്രീധരൻ. പദ്ധതിയിൽ മാറ്റം വേണമെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. ഡൽഹിയിലെ കേരളത്തിന്‍റെ പ്രത്യേക പ്രതിനിധി കെ.വി. തോമസ് വഴിയാണ് മുഖ്യമന്ത്രിയ്ക്ക് റിപ്പോര്‍ട്ട് കൈമാറിയത്.

സിൽവർലൈൻ നടപ്പിലാക്കണമെങ്കിൽ ആദ്യം സെമി ഹൈസ്പീഡ് റെയില്‍ വേണമെന്നും പിന്നീട് ഇത് ഹൈസ്പീഡാക്കണമെന്നും ശ്രീധരന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ദേശീയ റെയില്‍പാതയുമായി പുതിയ പാതയെ ബന്ധിപ്പിക്കാന്‍ കഴിയണം. നിലവിലെ സില്‍വര്‍ ലൈന്‍ ദേശീയ റെയില്‍പാതയുമായി ബന്ധിപ്പിക്കാന്‍ കഴിയില്ല എന്നതും വെല്ലുവിളിയാകും.

ബ്രോഡ്‌ഗേജ് സംവിധാനത്തിലേക്ക് മാറിയാലേ ഇത് സാധ്യമാകൂ. മംഗലാപുരം ഉള്‍പ്പടെ കേരളത്തിനു പുറത്തേക്കും ഹൈസ്പീഡ് പാത നീട്ടണം. എങ്കില്‍ മാത്രമേ പദ്ധതി പ്രായോഗികമാക്കാൻ കഴിയു. ഇ. ശ്രീധരന്റെ നിര്‍ദേശങ്ങള്‍ നിലവില്‍ മുഖ്യമന്ത്രിയുടെ മുന്നിലാണ്. കെ- റെയില്‍ പദ്ധതി യാഥാര്‍ഥ്യമായാല്‍ കേരളം രണ്ടായി പിളരുമെന്നും പദ്ധതി പൂര്‍ത്തിയാക്കാന്‍ 15 വര്‍ഷമെങ്കിലും വേണ്ടിവരുമെന്നുമായിരുന്നു അദ്ദേഹം നേരത്തെ അഭിപ്രായപ്പെട്ടിരുന്നത്.