മഴയ്ക്ക് പിന്നാലെ തമിഴ്‌നാട്ടിലും കർണാടകയിലും ഭൂചലനം

ചെന്നൈ: പ്രളയക്കെടുതിയിൽ വലയുന്ന തമിഴ്‌നാട്ടിൽ ഭൂചലനം. തമിഴ്‌നാട്ടിലെ ചെങ്കൽപേട്ടിലും കർണാടകയിലെ വിജയപുരയിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇന്ന് പുലർച്ചെ 6: 52 നാണ് കർണാടകയിലെ വടക്കൻ മേഖലയായ വിജയപുരയിൽ ഭൂചലനമുണ്ടായത്. റിക്ടർ സ്‌കെയിലിൽ 3.1 തീവ്രതയാണ് രേഖപ്പെടുത്തിയിരിത്തുന്നത്.

തമിഴ്‌നാട്ടിലെ ചെങ്കൽപേട്ടിൽ ഇന്ന് പുലർച്ചെ 7.39 നാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്‌കെയിലിൽ 3.2 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നാഷണൽ സെന്റർ ഫോർ സീസ്‌മോളജിയാണ് ട്വിറ്ററിലൂടെ വിവരം പുറത്തുവിട്ടത്. സംഭവങ്ങളിൽ ആളപായങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മിഷോങ് ചെന്നൈയെ വെള്ളത്തിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ ചെന്നൈയിലെ പെരുങ്കുടിയിൽ മാത്രം 740 mm മഴയാണ് പെയ്തത്. ചെന്നൈ നഗരത്തിൽ മാത്രം രണ്ട് ദിവസങ്ങളിലായി 490 മി.മീ (49 സെ.മീ) മഴ രേഖപ്പെടുത്തിയിട്ടുണ്ട്.

2015ൽ ചെന്നൈയിൽ ശക്തമായ വെള്ളപ്പൊക്കമുണ്ടാക്കിയ മഴയുടെ അളവിനേക്കാൾ കൂടുതലാണ് ഇപ്പോൾ പെയ്തിരിക്കുന്നത്. അന്ന് 33 സെ.മീ മഴയായിരുന്നു രേഖപ്പെടുത്തിയത്. 289 പേർ മരണപ്പെട്ടു. 1976ൽ 45 സെ.മീ മഴ പെയ്തതിനുശേഷം ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തുന്നത് ഇപ്പോഴാണ്.