പരിസ്ഥിതിലോല മേഖലയിലെ വിധി; കേരളം സുപ്രിംകോടതിയിലേക്ക്, ജൂലൈ 12ന് ഹര്‍ജി നല്‍കുമെന്ന് വനംമന്ത്രി

പരിസ്ഥിതിലോല മേഖലയിലെ വിധിയില്‍ കേരളം ജൂലൈ 12ന് ഹര്‍ജി നല്‍കുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. വിധി പ്രസ്താവിച്ചത് സംസ്ഥാന സര്‍ക്കാരിനെ വിസ്തരിക്കാതെയാണ്. അതിനാല്‍ വിധിയിലുള്ള ഉത്കണ്ഠ കോടതിയെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.അതേസമയം, പരിസ്ഥിതിലോല മേഖല സംബന്ധിച്ച സുപ്രിം കോടതി ഉത്തരവിനെതിരെ മറ്റന്നാള്‍ ഇടുക്കിയില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ഉത്തരവിനെതിരെ പ്രതിഷേധവുമായി യുഡിഎഫും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണ്‍ 16-നാണ് യുഡിഎഫിന്റെ ഹര്‍ത്താലാഹ്വാനം. ഉത്തരവിനെതിരെ നാളെ വൈകിട്ട് നിരവധി കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്നും എല്‍ഡിഎഫ് ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമന്‍ പറഞ്ഞു

വിധി കര്‍ഷകര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്തതാണ്. സുപ്രിംകോടതി വിധി ആശ്ചര്യകരവും നിരാശാജനകവുമാണ്. ജനങ്ങള്‍ക്ക് വേണ്ടി കഴിയുന്നതെല്ലാം ചെയ്യുമെന്ന് ഉറപ്പു നല്‍കുന്നു. ജനവാസമേഖലയെ ഒഴിവാക്കണമെന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ജനങ്ങളുടെ പ്രശ്‌നം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കും. തിരുത്തല്‍ ഹര്‍ജി നല്‍കും. കേന്ദ്രസര്‍ക്കാര്‍ ഓരോ കാര്യങ്ങളില്‍ വിശദീകരണം ചോദിച്ച് വൈകിപ്പിക്കുകയാണ്. ഇതുമൂലം ദുരിതം അനുഭവിക്കുന്നത് കര്‍ഷകരാണ്. സമരമാര്‍ഗം ഒഴിവാക്കണം. സര്‍ക്കാരിന്റെ ആത്മാര്‍ത്ഥ ശ്രമങ്ങളെ പിന്തുണയ്ക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

സുപ്രീംകോടതി ഉത്തരവ് പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്നും കെ കെ.ശിവരാമന്‍ വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ പ്രശ്നത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ഇരുമുന്നണികളും ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ സുപ്രിംകോടതി വിധി വന്നതിന് പിന്നാലെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വലിയ പ്രതിഷേധം അരങ്ങേറിയിരുന്നു. ഹൈറേഞ്ച് സംരക്ഷ സമിതിയടക്കും കസ്തൂരിരംഗന്‍ കാലത്ത് നടത്തിയതു പോലുള്ള പ്രക്ഷോഭങ്ങള്‍ക്ക് തയാറെടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് പ്രതിഷേധം ശക്തമാക്കി എല്‍ഡിഎഫും യുഡിഎഫും രംഗത്തെത്തിയിരിക്കുന്നത്.