ലഹരിയിടപാടിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചു, ബിനീഷ് കോടിയേരിയെ ഇ.ഡി. ചോദ്യംചെയ്യുന്നു

Bineesh Kodiyeri.

കൊച്ചി : ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യുന്നു. ലഹരിയിടപാടിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് ഇ.ഡി നടപടി. 2020ൽ അറസ്റ്റിലായ ബിനീഷിന് ഒരു വർഷത്തെ തടവിനുശേഷമാണ് ജാമ്യം കിട്ടിയത്. ബുധനാഴ്ച രാവിലെ ആരംഭിച്ച ചോദ്യംചെയ്യൽ ഇ.ഡി.യുടെ കൊച്ചി ഓഫീസിൽ തുടരുകയാണ്.

ബുധനാഴ്ച രാവിലെയാണ് ബിനീഷ് കൊച്ചി ഓഫീസിലെത്തിയത്. വിദേശനാണ്യ വിനിമയ ചട്ടലംഘനവുമായി ബന്ധപ്പെട്ട് ചില കമ്പനികൾക്കെതിരെയുള്ള പരിശോധനകളുണ്ട്. ഈ പരിശോധനകളുമായി ബന്ധപ്പെട്ടാണ് ബിനീഷിനെ വിളിപ്പിച്ചതെന്നാണ് ഇ.ഡി. അധികൃതർ നൽകുന്ന വിവരം.

ലഹരിക്കടത്ത് കേസിൽ പിടിയിലായ അനൂപ് മുഹമ്മദുമായി ചേർന്ന് ബിനീഷ് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ 2020 ഒക്ടോബർ 29-ന് ബിനീഷിനെ ഇ.ഡി. അറസ്റ്റ് ചെയ്തിരുന്നു. അനധികൃതമായി പണം സമ്പാദിച്ചെന്നും ഇ.ഡി. ആരോപിച്ചിരുന്നു.