നീരവ് മോദിയുടെ 253.62 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി.

 

ന്യൂഡൽഹി/ വിവാദമായ ബാങ്ക് തട്ടിപ്പു കേസിലെ പിടികിട്ടാപ്പുള്ളിയും രത്നവ്യാപാരിയുമായ നീരവ് മോദിയുടെ 253.62 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി.

രത്നങ്ങൾ, ആഭരണങ്ങൾ, ബാങ്ക് നിക്ഷേപങ്ങൾ ഉൾപ്പെടെയുള്ള സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയിരിക്കുന്നത്. ഈ സ്വത്തുക്കൾ എല്ലാം ഹോങ്കോങ്ങിലാണ് ഉള്ളതെന്ന് ഇഡി വാർത്താക്കുറിപ്പിൽ അറിയിച്ചിട്ടുണ്ട്.

അൻപത് വയസുകാരനായ നീരവ് മോദി ഇപ്പോൾ ലണ്ടനിലെ ജയിലിലാണ് ഉള്ളത്. 14,000 കോടി രൂപ പഞ്ചാബ് നാഷനൽ ബാങ്കിൽ‌നിന്നും വായ്പ എടുത്ത നീരവ് മോദി തിരിച്ചടയ്ക്കാതെ ലണ്ടനിലേക്ക് മുങ്ങുകയാണ് ഉണ്ടായത്. 2019 മാർച്ച് 19ന് സ്കോട്‌ലൻഡ് യാർഡ് ഉദ്യോഗസ്ഥരാണ് നീരവ് മോദിയെ അറസ്റ്റ് ചെയ്യുന്നത്. അതെ വർഷം ഡിസംബറിൽ നീരവ് മോദിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു.