ഗോവയിൽ പ്രതിപക്ഷ നേതാവ് അടക്കം എട്ട് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക്

പനാജി. കോണ്‍ഗ്രസിന് ഗോവയില്‍ കനത്ത തിരിച്ചടി നല്‍കി കൊണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക്. 11 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ എട്ട് പോര്‍ ബിജെപിക്കൊപ്പം ചേരുമെന്നാണ് അറിയുന്ന്. ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത് ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ സദാനന്ദ് തനാവാഡെയാണ്. പ്രതിപക്ഷ നേതാവ് മൈക്കിള്‍ ലോബോ എംഎല്‍എമാരുടെ യോഗം വിളിച്ചതായും ഈ യോഗത്തിലാണ് ബിജെപിയില്‍ ചേരുന്ന കാര്യം തീരുമാനിച്ചതെന്നുമാണ് റിപ്പോര്‍ട്ട്.

മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത് അടക്കമുള്ളവര്‍ ബിജെപിയിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എംഎല്‍എമാര്‍ നിയമസഭാ സ്പീക്കറെയും മുഖ്യമന്ത്രിയെയും കണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നിയമസഭ ചേരാത്ത സാഹചര്യത്തില്‍ സ്പീക്കറുമായി എംഎല്‍എമാര്‍ കൂടിക്കാഴ്ച നടത്തുന്നത് അസാധാരണമാണ്. മൂന്നില്‍ രണ്ട് പേര്‍ ബിജെപിയിലേക്ക് എത്തുന്നതോടെ കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള അയോഗ്യത ബാധകമാവില്ല. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഭാരത് ജോഡോ യാത്ര നടക്കുന്ന സമയത്താണ് കൂറുമാറ്റം പുറത്ത് വരുന്നത്. ഇത് കോണ്‍ഗ്രസിന് ദേശീയതലത്തില്‍ തന്നെ വലിയ തിരിച്ചടിയാണ്.

അതേസമയം മുമ്പും മൈക്കിള്‍ ലോബോ, മദിഗംബര്‍ കാമത്ത് എന്നിവരുടെ നേതൃത്വത്തില്‍ കൂറുമാറ്റം ശ്രമം ഉണ്ടായിരുന്നു. എന്നാല്‍ കൂറുമാറ്റ നിയമപ്രകാരം നടപടി വരുമെന്ന് മനസ്സിലാക്കി ഇവര്‍ പിന്മാറുകയായിരുന്നു. തുടര്‍ന്ന് മൈക്കിള്‍ ലോബോയെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് കോണ്‍ഗ്രസ് നീക്കി.