ഞാന്‍ മോദിയുടെ ആരാധകന്‍,  ഇന്ത്യയിൽ കൂടുതൽ നിക്ഷേപം നടത്തുമെന്ന് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഇലോൺ മസ്‌ക്

ന്യൂയോർക്ക് : അമേരിക്ക സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ടെസ്‌ല സി.ഇ.ഒ ഇലോണ്‍ മസ്‌ക്. താൻ മോദിയുടെ ഫാനാണെന്ന് ഇലോൺ മസ്‌ക് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. വിശിഷ്ടമായ കൂടിക്കാഴ്ചയാണ് നടന്നത്, ഇന്ത്യയുടെ ഭാവി താൻ ആകാംക്ഷയോടെയാണ്‌ നോക്കിക്കാണുന്നത്. മറ്റുള്ള വൻരാജ്യങ്ങളെക്കാളും കൂടുതൽ പ്രതീക്ഷ അർപ്പിക്കാവുന്ന രാജ്യമാണ് ഇന്ത്യ. തങ്ങളോട് ഇന്ത്യയിൽ നിക്ഷേപം നടത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടതായും അദ്ദേഹം പ്രതികരിച്ചു.

പുതിയകമ്പനികൾ ഇന്ത്യയിൽ ആരംഭിക്കാനും ഇന്ത്യയിലെ സാദ്ധ്യതകൾ ഉപയോഗിക്കാനും അദ്ദേഹം മികച്ച പിന്തുണ നൽകുന്നുണ്ട്. അടുത്തവർഷം ഇന്ത്യ സന്ദർശിക്കാനാണ് താൻ ശ്രമിക്കുന്നത്. ഇന്ത്യയിൽ സ്റ്റാർ ലിംഗിന്റെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

വലിയ സാധ്യതകള്‍ മുന്നിലുള്ള രാജ്യമാണ് ഇന്ത്യ. രാജ്യത്ത് നിക്ഷേപങ്ങളെത്തിക്കാന്‍ പ്രധാനമന്ത്രി മോദി വലിയ പരിശ്രമമാണ് നടത്തുന്നത്. കമ്പനികളെ പിന്തുണയ്ക്കണം എന്ന മനോഭാവമാണ് അദ്ദേഹത്തിനുള്ളത്. ഇന്ത്യയ്ക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ് അതെന്നും മസ്‌ക് അഭിപ്രായപ്പെട്ടു.

ഇന്ത്യൻ സമയം രാത്രി പത്തരയോടെയാണ് മോദി യുഎസിലെത്തിയത്. ന്യൂയോർക്കിൽ വൻ ജനാവലിയാണ് പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തിയത്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രത്യേക ക്ഷണപ്രകാരമെത്തിയ പ്രധാനമന്ത്രി ജൂൺ 23 വരെ അമേരിക്കയിൽ തുടരും.

ന്യൂയോർക്കിലെ ഐക്യരാഷ്‌ട്രസഭാ ആസ്ഥാനത്ത് അന്താരാഷ്‌ട്ര യോഗാ ദിനവുമായി ബന്ധപ്പെട്ട പ്രത്യേക ആഘോഷങ്ങളിൽ പ്രധാനമന്ത്രി ഇന്ന് പങ്കെടുക്കും. 180 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പരിപാടിയിൽ പങ്കെടുക്കും.