മരുഭൂമിയില്‍ കിടന്ന് 25 വര്‍ഷം സാമ്പാദിച്ച പ്രവാസിയുടെ വീട് പൂര്‍ണമായും കടലെടുത്തു, എന്നിട്ടും കണ്ണ് തുറക്കാത്ത അധികാരികള്‍

കാസര്‍ഗോഡ് : എന്ത് ചെയ്യണം എന്ന് അറിയാതെ രണ്ടെ പെണ്‍കുട്ടികളുമായി പകച്ച് നില്‍ക്കുകയാണ് പ്പള മൂസോടി കടപ്പുറത്തെ മുഹമ്മദ്. അധികാരികളുടെ പിടിപ്പു കേടിനെ തുടര്‍ന്ന് കടല്‍ എടുത്തത് പ്രവാസി മലയാളിയായ മുഹമ്മദിന്റെ കാല്‍ നൂറ്റാണ്ടിലെ സമ്പാദ്യമാണ്. 25 കൊല്ലത്തോളം മരുഭൂമിയില്‍ കിടന്ന് ജോലി ചെയ്ത് സമ്പാദിച്ച വീടും 64 സെന്റ് ഭൂമിയും ആണ് കടല്‍ കൊണ്ടു പോയത്. നാല് വര്‍ഷത്തിനിടെ വീടും സ്ഥലവും പൂര്‍ണമായും കടലെടുത്തു.

കടലില്‍ നിന്നും അര കിലോമീറ്റര്‍ അകലെ ആയിരുന്നു മുഹമ്മദിന്റെ വീടും സ്ഥലവും. സുരക്ഷിതം എന്ന് കരുതിയ സ്ഥലത്ത് എല്ലാ നിയമങ്ങളും പാലിച്ച് ആയിരുന്നു വാട് നിര്‍മിച്ചത്. എന്നാല്‍ വീട് മുഴുവനായി കടല്‍ എടുത്തിട്ടും സര്‍ക്കാരില്‍ നിന്നോ അധികാരികളില്‍ നിന്നോ ആരും തിരിഞ്ഞു നോക്കിയിട്ടില്ല. മാത്രമല്ല നഷ്ടപരിഹാരം എന്നോണം പത്ത് പൈസ ആരും നല്‍കിയിട്ടും ഇല്ല. ഭാര്യയും വിവാഹ പ്രായം എത്തിയ രണ്ട് പെണ്‍ മക്കളും ഉള്ള മുഹമ്മദ് വാടക വീട്ടിലേക്ക് താമസം മാറുകയാണ്. ഇനി ആരോട് ഒരു കൈ സഹായം ചോദിക്കണം എന്ന് അദ്ദേഹത്തിന് അറിയില്ല.

മുഹമ്മദിന്റെ വീട് ഉള്‍പ്പെടെ പത്ത് വീടുകള്‍ ആണ് ഈ ഭാഗത്തു കടലെടുത്തു പോയത്. നിര്‍ധന കുടുംബാംഗമായ മുഹമ്മദ് സൗദിയില്‍ ഡ്രൈവറായി ജോലി ചെയ്തു സ്വരുക്കൂട്ടിയ പണം കൊണ്ടാണ് എട്ടു കൊല്ലം മുന്‍പു വീടു വച്ചത്. ഇന്റര്‍ലോക്ക് പാകി മനോഹരമായൊരുക്കിയ കോണ്‍ക്രീറ്റ് വീട്ടിലെ താമസത്തിന്റെ സന്തോഷം അധികനാള്‍ നീണ്ടു നിന്നില്ല. മത്സ്യബന്ധന തുറമുഖത്തിനു വേണ്ടി സമീപത്തു കടലില്‍ പുലിമുട്ട് (തിരകളുടെ ശക്തി കുറയ്ക്കാനുള്ള കരിങ്കല്‍ഭിത്തി) നിര്‍മിച്ചതോടെ ഒഴുക്കു തടസ്സപ്പെട്ടു തിരകള്‍ കരയിലേക്കു കയറി.

മുഹമ്മദിന്റെ വീട് സ്ഥിതി ചെയ്തിരുന്ന വടക്കു ഭാഗത്ത് 600 മീറ്ററോളമാണ് കടല്‍ കരയിലേക്കു കയറിയത്. അതേ സമയം തെക്കുഭാഗത്തു തിര കുറഞ്ഞ് കടല്‍ പിന്നോട്ടു പോയി കരയുടെ വിസ്തൃതി കൂടുകയും ചെയ്തു. രണ്ടു കൊല്ലം മുന്‍പു വീടും പറമ്പും പൂര്‍ണമായി കടലെടുത്തു പോയതോടെ ഭാര്യയ്ക്കും മക്കള്‍ക്കും കിടപ്പാടം കണ്ടെത്താന്‍ മുഹമ്മദിനു ഗള്‍ഫിലെ ജോലി ഉപേക്ഷിച്ചു നാട്ടിലേക്ക് തിരികെ പോരേണ്ടി വന്നു.

മജീര്‍പ്പള്ളിയിലെ വാടക വീട്ടിലാണ് ഇപ്പോള്‍ മുഹമ്മദും കുടുംബവും താമസിക്കുന്നത്. തുറമുഖത്തിന്റെ പണി തുടങ്ങുന്നതിനു മുന്‍പേ തീരത്തു കടല്‍ഭിത്തി നിര്‍മിച്ചിരുന്നെങ്കില്‍ വീടുകളൊന്നും കടലെടുത്തു പോകുമായിരുന്നില്ലെന്നു മുഹമ്മദ് പറയുന്നു. മുഹമ്മദിന്റെ വീട് ഇരുന്ന സ്ഥലത്ത് ഇപ്പോള്‍ അതിന്റെ പൊടി പോലുമില്ല. തെങ്ങുകള്‍ നിറഞ്ഞിരുന്ന പുരയിടം ഏറെക്കുറെ പൂര്‍ണമായും കടലായി മാറി. ആറുപത് തെങ്ങുകളില്‍ നാല് എണ്ണമേ ഇനി ബാക്കിയുള്ളൂ. നഷ്ടപരിഹാരം തേടി ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നു സര്‍ക്കാര്‍ 10 ലക്ഷം രൂപ നല്‍കാമെന്ന് അറിയിച്ചിരുന്നെങ്കിലും ഏഴ് മാസം കഴിഞ്ഞിട്ടും പണം കിട്ടിയില്ല.