ആയുര്‍വേദ ഉപകരണ നിര്‍മാണ കമ്പനിയില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ ജീവനക്കാരിയും ഡോക്ടറായ മകളും അറസ്റ്റില്‍

മുവാറ്റുപുഴ. ആയുര്‍വേദ ഉപകരണ നിര്‍മാണ കമ്പനിയില്‍ നിന്നും ഒന്നരകോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ ജീവനക്കാരിയും ഡോക്ടറായ മകളും പോലീസ് പിടിയില്‍. വ്യാജ ഡിജിറ്റല്‍ രേഖകള്‍ സൃഷ്ടിച്ചും സോഫ്‌റ്റ്വെയറില്‍ കൃത്രിമം കാട്ടിയുമാണ് ഇവര്‍ പണം തട്ടിയെടുത്തത്. ആയുര്‍വേദ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന ദ്രോണി ആയുര്‍വേദാസിന്റെ മൂവാറ്റുപുഴയിലെ ഓഫീസിലാണ് കൃത്രിമം നടന്നത്.

കമ്പനിയിലെ അക്കൗണ്ടന്റ് കോതമംഗലം തൃക്കാരിയൂര്‍ വെളിയത്ത് വിനായകം രാജശ്രീ എസ് പിള്ള, മകള്‍ ഡോ ലക്ഷ്മി നായര്‍ എന്നിവരാണ് പോലീസ് പിടിയിലായത്. ഉടമ അറിയാതെ ഉപകരണങ്ങള്‍ വില്‍പന നടത്തിയും കമ്പനിയുടെ ഉപഭോക്താക്കളില്‍ നിന്നും തുക രാജശ്രീയുടെ മകളുടെ അക്കൗണ്ടിലൂടെ മാറ്റിയുമാണ് തട്ടിപ്പ് നടത്തിയത്.

രാജശ്രീ മകള്‍ ലക്ഷ്മിയുടെ സഹായത്തോടെയാണ് തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറയുന്നു. അതേസമയം മറ്റൊരു കമ്പനിക്കും തട്ടിപ്പില്‍ പങ്കുണ്ടെന്നാണ് പരാതിയില്‍ പറയുന്നത്. കമ്പനി നഷ്ടത്തിലായതോടെ ജീവനക്കാരെ അടക്കം പിരിച്ചു വിട്ടിരുന്നു. ഇതിനിടയിലും തട്ടിപ്പ് തുടരുകയായിരുന്നു. പിന്നീട് ആഴ്ചകളോളം നീണ്ട സൂക്ഷ്മ പരിശോധനയിലാണ് തട്ടിപ്പിന് പിന്നില്‍ രാജശ്രീയാണെന്ന് വ്യക്തമായത്.