സ്വര്‍ണകള്ളക്കടത്ത്: ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യും

കൊച്ചി: തിരുവനന്തപുരം സ്വര്‍ണകള്ളക്കടത്ത് കേസില്‍ ബിനീഷ് കോടിയേരിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറേ്രക്ടറ്റിന്റെ നോട്ടീസ്. നാളെ 11 മണിക്ക് ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്. കൊച്ചിയിലെ എൻഫോഴ്സ്മെൻ്റെ ഓഫീസിൽ നാളെ ചോദ്യംചെയ്യല്ലിന് ഹാജരാവണമെന്നാണ് ബിനീഷ് കിട്ടിയ നിർദേശം. സ്വപ്‌നയ്ക്ക് വീസ സ്റ്റാപിംഗ് കമ്മീഷന്‍ നല്‍കിയ കമ്പനികളില്‍ ഒന്നില്‍ ബിനീഷിന് മുതല്‍ മുടക്ക് ഉണ്ടെന്നാണ് ഇഡിക്ക് ലഭിച്ച വിവരം.

ഇന്നലെയായിരുന്നു ബിനീഷ് കോടിയേരിക്ക് നോട്ടീസ് നല്‍കിയത്. ഇതേ തുടര്‍ന്ന് ബിനീഷ് കോടിയേരിയുടെ അഭിഭാഷകന്‍ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ എത്തിയിരുന്നു. ബിനീഷിന് ഹാജരാകാന്‍ തിങ്കളാഴ്ച വരെ സമയം അനുവദിക്കണമെന്നും അദ്ദേഹം സ്ഥലത്തില്ലെന്നുമായിരുന്നു ബിനീഷ് കോടിയേരിയുടെ അഭിഭാഷകന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിനെ അറിയിച്ചത്. എന്നാല്‍ ബിനീഷ് ഉള്ള സ്ഥലം അറിയിച്ചാല്‍ അവിടെ എത്തിക്കോളാമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ മറുപടി നല്‍കുകയായിരുന്നു.

തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വർണകള്ളക്കടത്തിന് പിന്നിലെ ഹവാല ,ബിനാമി ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍ എന്നാണ് സൂചന. കള്ളക്കടത്ത്സംഘം ഫണ്ടിനായി ബംഗ്ലൂരുവിലെ മയക്കുമരുന്ന് റാക്കറ്റിനെ സമീപിച്ചിരുന്നു. മയക്കുമരുന്ന് കേസിൽ നാർക്കോട്ടിക് സെല്ലിൻ്റെ പിടിയിലുള്ള അനൂപ് മുഹമ്മദ് അടക്കമുള്ളവരുടെ സഹായമാണ് കള്ളക്കടത്ത് സംഘം തേടിയത്.

സ്വപ്‌ന സുരേഷിന് സാമ്പത്തികമായി ചില കമ്മീഷനുകള്‍ ലഭിച്ചിരുന്നതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കണ്ടെത്തിയിരുന്നു. യുഎഇ കോണ്‍സുലേറ്റിലെ വിസ സ്റ്റാമ്പിംഗ് സെന്ററുകളിലെ കരാറുകാരില്‍ നിന്നുമാണ് ഇത്തരത്തില്‍ കമ്മീഷനുകള്‍ ലഭിച്ചിരുന്നത്. ഇത്തരത്തിലുള്ള ഒരു ഏജന്‍സിയില്‍ ബിനീഷ് കോടിയേരിക്ക് മുതല്‍ മുടക്കുണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് വിവരം ലഭിച്ചിരിക്കുന്നത്.

സ്വർണകള്ളക്കടത്ത് കേസിൻ്റെ മുഖ്യആസൂത്രകനെന്ന് അന്വേഷണ ഏജൻസി കണ്ടെത്തിയ കെടി റമീസാണ് മുഹമ്മദ് അനൂപുമായി ബന്ധപ്പെട്ടത്. മുഹമ്മദ് അനൂപും ബിനീഷ് കോടിയേരിയും തമ്മിൽ ബന്ധമുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിലാണ് എൻഫോഴ്സ്മെൻ്റ ബിനീഷിനെ ചോദ്യം ചെയ്യുന്നത്. കള്ളക്കടത്തുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ബിനീഷ് എന്തെങ്കിലും പങ്കുണ്ടോയെന്ന് എൻഫോഴ്സ്മെൻ്റ് പരിശോധിക്കും. ബിനീഷ് കോടിയേരിയുടെ ഉടമസ്ഥതയിലുള്ള രണ്ട് സ്ഥാപനങ്ങളെ കേന്ദ്രീകരിച്ചാണ് പ്രധാനമായും എൻഫോഴ്സ്മെൻ്റിൻ്റെ അന്വേഷണം.