വ്യാജ സർട്ടിഫിക്കറ്റ്, വിദ്യയെ അഗളി ഡിവൈ എസ്‌ പി ഓഫീസിലെത്തിക്കും, കുടുക്കിയത് ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലൂടെ

കോഴിക്കോട്: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ കസ്‌റ്റഡിയിലെടുത്ത പ്രതി എസ് എഫ് ഐ മുൻ നേതാവ് കെ.വിദ്യയെ പൊലീസ് കണ്ടെത്തിയത് മൊബൈൽ ടവർ ലൊക്കേഷൻ പിന്തുടർന്നെന്ന് വിവരം. കോഴിക്കോട്ടെ സുഹൃത്തിന്റെ വീട്ടിലെത്തിയ വിദ്യ മടങ്ങുന്നവഴിയാണ് പിടിയിലായത്. മേപ്പയ്യൂർ കുട്ടോത്തുവച്ചാണ് ഇവർ പൊലീസ് കസ്‌റ്റഡിയിലായത്.

വ്യാഴാഴ്ച പുലർച്ചയോടെ വിദ്യയെ അഗളി ഡിവൈ.എസ്.പി ഓഫീസിലെത്തിക്കും.അറസ്‌റ്റ് രേഖപ്പെടുത്തിയ ശേഷം മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കും. കെ.വിദ്യ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി അടുത്തയാഴ്‌ചയിലേക്ക് മാറ്റിയിരുന്നു. കേസെടുത്ത് പതിനഞ്ചാം ദിവസമാണ് വിദ്യയെ കസ്റ്റഡിയിലെടുക്കാനായത്.

പാലക്കാട് അട്ടപ്പാടിയിലുള്ള രാജീവ് ഗാന്ധി മെമ്മോറിയൽ കോളേജിൽ മലയാളം ഗസ്റ്റ് ലക്ചർ തസ്തികയിലേക്ക് അഭിമുഖത്തിന് കെ.വിദ്യ എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിലുള്ള വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കിയതാണ് സംഭവത്തിന് കാരണം. സംശയം തോന്നിയ കോളേജധികൃതർ മഹാരാജാസ് കോളേജിൽ വിവരമറിയിക്കുകയും കോളേജധികൃതർ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. മഹാരാജാസ് കോളേജിലെ പൂർവ വിദ്യാർത്ഥിയാണ് കെ.വിദ്യ.

കേസിൽ ആഴ്ചകളായിട്ടും പൊലീസിന്റെ മെല്ലേപോക്കിനെക്കുറിച്ച് വിമർശനം ഉയരുന്നതിനിടെയാണ് വിദ്യയെ ബുധനാഴ്ച രാത്രിയോടെ കസ്റ്റഡിയിലെടുത്തത്. മേപ്പായൂരിൽ ചിലയിടത്ത് വിദ്യ ഒളിവിൽ താമസിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് മൂന്നിടങ്ങളിൽ പൊലീസ് അന്വേഷണം നടത്തിയ ശേഷമാണ് കസ്റ്റഡിയിൽ എടുത്തത്.