വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കേസ്, പോലീസ് സംഘം കലിംഗ സര്‍വകലാശാലയില്‍

റായ്പുര്‍. മുന്‍ എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കേസില്‍ അന്വേഷണ സംഘം കലിംഗ സര്‍വകലാശാലയില്‍. കേസ് അന്വേഷണത്തിന്റെ ഭാഗമായി കായംകുളം പോലീസാണ് സര്‍വകലാശാലയില്‍ എത്തിയത്. നിഖില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയ സംഭവത്തില്‍ എംഎസ്എം കോളേജ് പ്രന്‍സിപ്പലും മാനേജരും കായംകുളും പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ വിവര ശേഖരണത്തിന് ഇന്നലെ തന്നെ അന്വേഷണ സംഘം കലിംഗയ്ക്കു പോയിരുന്നു.

എസ്‌ഐയും സിപിഒയുമടങ്ങുന്ന സംഘമാണ് വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍ എന്നിവരെ കണ്ട് വിവര ശേഖരണം നട ത്തിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് പ്രിന്‍സിപ്പലിന്റെയും കോളേജ് മാനേജരുടെയും മൊഴി രേഖപ്പെടുത്തി. കോളേജില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം കലിംഗ സര്‍വകലാശാലയിലേക്ക് പോയത്. അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിക്കുകയും ഉദ്യോഗസ്ഥരോട് വിവരങ്ങള്‍ ചോദിച്ച് അറിയുകയും ചെയ്യും.

പോലീസ് രേഖമൂലം തന്നെയാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. അതേസമയം ഗൂഢാലോചന ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പോലീസ് നിഖില്‍ തോമസിനെതിരെ കേസ് രജിസ്ട്രര്‍ ചെയ്യും. പോലീസിന് കലിംഗ സര്‍വകലാശാലയില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ നിര്‍ണായകമാണ്.