ജയിലിൽ ഫയൽ പരിശോധിക്കാനാവില്ല, കെജ്‌രിവാളിന് ജയിലില്‍ ഒരിളവും ലഭിക്കില്ല, ജയില്‍ച്ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണം

ന്യൂഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് തിഹാര്‍ ജയിലില്‍ ഒരിളവും ലഭിക്കില്ല. മദ്യനയക്കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള കെജ്‌രിവാൾ ജയില്‍ച്ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണം.
വിമര്‍ശനമൊഴിവാക്കാന്‍ തടവുകാര്‍ക്കുള്ള ജയില്‍ച്ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കാനാണ് അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള കെജ്‌രിവാള്‍ മുഖ്യമന്ത്രിയായി തുടരുന്നതിനെ ബി.ജെ.പി. ശക്തമായെതിര്‍ക്കുന്ന സാഹചര്യത്തില്‍ അദ്ദേഹം ജയിലില്‍ ഫയലുകള്‍ പരിശോധിക്കുന്ന സാഹചര്യമൊഴിവാക്കണമെന്ന് കര്‍ശന നിര്‍ദേശമുണ്ടെന്നാണ് വിവരം. മുഴുവന്‍സമയ നിരീക്ഷണത്തിന് സെല്ലില്‍ സി.സി.ടി.വി. ക്യാമറകളുമുണ്ട്. ഇ.ഡി. കസ്റ്റഡിയിലിരുന്ന് കെജ്‌രിവാള്‍ മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കിയത് വിവാദമായ പശ്ചാത്തലത്തിലാണ് ജാഗ്രത.

അതേസമയം, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇന്ന് നിർണ്ണായകം. മദ്യനയ അഴിമതിക്കേസിൽ ഇഡി യുടെ അറസ്റ്റ് ചോദ്യം ചെയ്തുള്ള അരവിന്ദ് കെജ്‌രിവാളിന്റെ ഹർജിയിൽ ഡൽഹി ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് സ്വർണ കാന്ത് ശർമയാണ് വിധി പറയുക. ഹർജിയിൽ ഇന്നലെ വാദങ്ങൾ പൂർത്തിയായി വിധി പറയാൻ മാറ്റുകയായിരുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് തന്നെ മാറ്റി നിർത്താനും അപമാനിക്കാനുമാണ് ഇഡി അറസ്റ്റ് നടത്തിയതെന്നാണ് കെജ്രിവാളിന്റെ വാദം. അന്വേഷണമില്ലാതെയാണ് അറസ്റ്റ് എന്നും പിഎംഎൽഎ ചട്ടം 50 അനുസരിച്ചു മൊഴിയെടുക്കാൻ പോലും ഇഡി ശ്രമിച്ചില്ല എന്നും കേജ്രിവാളിന് വേണ്ടി ഹാജരായ അഭിഷേക് മനു സിങ് വി വാദിച്ചു.

കള്ളപ്പണ ഇടപാട് സംബന്ധിച്ച് വ്യക്തമായ തെളിവുകൾ ഉണ്ടെന്നും, എഎപിയുടെ എല്ലാ തീരുമാനങ്ങളുടെയും ഉത്തരവാദിത്തം കൺവീനർ കൂടിയായ കെജ്രിവാളി നുണ്ടെന്നും, ASG എസ് വി രാജു വാദിച്ചു.