ഭാരത് ജോഡോ യാത്രയ്ക്ക് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്ന് ഇന്ധനം നിറയ്ക്കൂ; പരിഹാസവുമായി ബിജെപി

ന്യൂഡല്‍ഹി. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് ബിജെപി. യാത്രയ്ക്കായി കോണ്‍ഗ്രസ് നേതാക്കള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കുള്ള ഇന്ധനം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്ന് അടിച്ചാല്‍ ലാഭമായിരിക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി. കോണ്‍ഗ്രസിനുള്ള ഉപദേശം എന്ന തലക്കെട്ടിലാണ് അദ്ദേഹം കുറിപ്പ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.

രാഹുല്‍ ഗാന്ധി നയിക്കുന്ന ആഡംബര ജീവിതത്തെയും അദ്ദേഹം പരിഹസിക്കുന്നുണ്ട്. കോണ്‍ഗ്രസുകാരുടെ ചെറുപ്പക്കാരനായ നേതാവ് പതിവായി സഞ്ചരിക്കുന്നത് ഒരു കൂട്ടം പരിവാരങ്ങളുടെയും ആഡംബര വാഹനങ്ങളുടെയും അകമ്പടിയോടെയാണ്. ഈ ഉപദേശങ്ങള്‍ക്കുള്ള നന്ദി അവര്‍ എന്നോട് പറഞ്ഞാല്‍ മതിയാകുമെന്നും കേന്ദ്രമന്ത്രി പറയുന്നു. ഇന്ധനവില സംബന്ധിച്ച ഗ്രാഫും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. കോണ്‍ഗ്രസിന് യാത്രയില്‍ എതൊക്കെ സംസ്ഥാനങ്ങളില്‍ നിന്നാണ് ഇന്ധനം നിറച്ചാല്‍ ലാഭം എന്നും അദ്ദേഹം പറയുന്നു.

തെലുങ്കാനയും ജമ്മു കശ്മീരും തമ്മില്‍ ലിറ്ററിന് 14.5 രൂപ വ്യത്യാസമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ ഉപദേശം കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിച്ചാല്‍ യാത്രയില്‍ 1050 രൂപ മുതല്‍ 2205 രൂപ വരെ ലാബിക്കാമെന്നും അദ്ദേഹം പറയുന്നു.

അതേസമയം രാഹുല്‍ ഗാന്ധി യാത്ര ആരംഭിച്ചത് മുതല്‍ വിവാദങ്ങളും ആരംഭിച്ചു. യാത്രയില്‍ രാഹുല്‍ ധരിച്ച ഷര്‍ട്ട്, ഫൈവ് സ്റ്റാര്‍ ഹോട്ടലിലെന്ന പോലെയുള്ള താമസം ലഭിക്കുന്നതിനായി കണ്ടയ്‌നറില്‍ സജ്ജീകരിച്ചിരിക്കുന്ന സൗകര്യങ്ങള്‍. ഇവയെല്ലാം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അതേസമയം അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമാണ് കണ്ടെയ്‌നറുകളിലെന്ന് കോണ്‍ഗ്രസ് പറയുന്നു. സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമാണ് രാഹുല്‍ ഗാന്ധി നേരിടുന്നത്. ആഡംബര സൈകര്യങ്ങള്‍ ഒരുക്കിയുള്ള യാത്ര ജനങ്ങളെ പറ്റിക്കുവനാണെന്ന് പലരും സോഷ്യല്‍മീഡിയിയില്‍ പറയുന്നു.