വിജേഷ് പിള്ള ലോക ഉടായിപ്പ് ; തട്ടിപ്പിന് ഇരയായ സിനിമ സംവിധായകന്റെ വെളിപ്പെടുത്തൽ ഇങ്ങനെ

സ്വപ്‍നയുടെ കഥയിൽ ഇപ്പോൾ എത്തിയ കഥാപാത്രം വിജേഷ് പിള്ള ലോക ഉടായിപ്പ്. ഇപ്പോഴിതാ വിജേഷ് പിള്ള വഞ്ചിച്ചു എന്ന് ആരോപിച്ചു മനോജ് കാന എന്ന ഒരു സിനിമ സംവിധായകൻ രംഗത്ത്‌ എത്തുകയാണ് . സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ നിന്നു പിന്മാറാനും മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ തെളിവുകൾ നശിപ്പിക്കാനും 30 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് സ്വപ്ന സുരേഷ് ആരോപിച്ച വിജേഷ് പിള്ളയ്ക്കെതിരെ ഗുരുതരമായാ ആരോപണവുമായിട്ടാണ് സംവിധായകൻ മനോജ് കാന എത്തുന്നത്. വിജേഷ് പിള്ള തന്നെ വഞ്ചിച്ചതായി ‘കെഞ്ചിര’ സിനിമയുടെ സംവിധായകനായ മനോജ് കാന ആരോപിച്ചു. വിജേഷ് പിള്ളയുടെ ആക്‌ഷൻ പ്രൈം ഒടിടി വഴിയാണ് സിനിമ പ്രദർശിപ്പിക്കാമെന്ന് പറഞ്ഞത്.

കരാർ ഉണ്ടാക്കിയ ശേഷം പ്രദർശിപ്പിക്കാമെന്ന് പറഞ്ഞു. എന്നാൽ പ്രദർശനം സുഗമമായിരുന്നില്ല. വക്കീൽ നോട്ടിസ് അയച്ചിട്ട് മറുപടി പോലും നൽകിയില്ലെന്ന് മനോജ് കാന പറഞ്ഞു. വലിയ ഓഫറാണ് തന്നത്. മറ്റ് ഏത് ഒടിടി പ്ലാറ്റ്ഫോമിൽ കൊടുത്താലും കിട്ടാവുന്നതിൽ അധികം ഇതിലൂടെ കിട്ടുമെന്ന് പറഞ്ഞു. എന്നാൽ, പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങൾ പോലും ചെയ്യാതെ, ലൈസൻസ് പോലും പൂർത്തിയാവാതെയാണ് ഒടിടി പ്ലാറ്റ്ഫോം ലോഞ്ച് ചെയ്തത്. അതുകൊണ്ട് ആർക്കും ചിത്രം കാണാനായില്ല. ഇവർ സിനിമയുടെ പേരിൽ കള്ളത്തരം കാണിച്ചു ജീവിക്കുന്നവരാണ്. അതിന്റെ അനുഭവസ്ഥനാണ് ഞാൻ’’– മനോജ് കാന പറഞ്ഞു.

ബെംഗളൂരു മല്ലേശ്വരം ബ്രിഗേഡ് ഗേറ്റ്‍വേ ക്യാംപസിലെ വേൾഡ് ട്രേഡ് സെന്ററിലാണ് വിജേഷ് സിഇഒ ആയി പ്രവർത്തിക്കുന്ന ആക്‌ഷൻ ഒടിടി എന്ന ഓൺലൈൻ വിഡിയോ സ്ട്രീമിങ് സ്ഥാപനം. ബ്രോഡ്കാസ്റ്റിങ്, മീഡിയ പ്രൊഡക്‌ഷൻ കമ്പനിയായ ഡബ്ല്യുജിഎൻ ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റേതാണിത്. ഓൺലൈൻ പ്ലാറ്റ്ഫോം തുടങ്ങുന്നതായി 2021 ജൂലൈ ആദ്യം കൊച്ചിയിൽ പത്രസമ്മേളനം നടത്തി വിജേഷ് പ്രഖ്യാപിച്ചിരുന്നു.

കമ്പനിയുടെ കൊച്ചിയിലെ ഓഫിസ് അധികകാലം പ്രവർത്തിച്ചില്ല. വാടക കുടിശിക വരുത്തിയാണ് ഓഫിസ് പൂട്ടിപ്പോയതെന്ന് ഇടപ്പള്ളിയിലെ കെട്ടിടം ഉടമ ജാക്സൺ മാത്യു പറഞ്ഞിരുന്നു. ഡബ്ല്യുജിഎൻ പ്രൊഡക്‌ഷൻസ് എന്ന പേരിൽ മലയാള സിനിമാ നിർമാണത്തിനും വിജേഷ് പിള്ള ശ്രമിച്ചിരുന്നു. ചലച്ചിത്ര നിർമാണത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കുന്ന റാക്കറ്റിന്റെ ഭാഗമാണോ എന്ന സംശയത്തിൽ വിജേഷിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം തുടങ്ങിയിരുന്നു.

‘കെഞ്ചിറ’ എന്ന ചിത്രം തന്‍റെ ഒടിടി പ്ലാറ്റ്ഫോമിന്‍റെ പരസ്യത്തിനും മറ്റും വിജേഷ് ഉപയോഗിച്ചു. പക്ഷെ ഒരു തരത്തിലും ഒടിടി പ്ലാറ്റ്ഫോം നടത്തേണ്ട ഒരു സംവിധാനവും ഇല്ലാത്തയാളാണെന്നും മനോജ് കാന പറയുന്നു. സിനിമ മേഖലയിലെ പലരെയും വിജേഷ് പറ്റിച്ചിട്ടുണ്ട് മനോജ് കാന പറയുന്നു. 2019ലാണ് ‘കെഞ്ചിറ’ എന്ന പടം നിര്‍മ്മിച്ചത്. നേര് കള്‍ച്ചറല്‍ സൊസൈറ്റി എന്ന സൗഹൃദ കൂട്ടായ്മയാണ് അത് നിര്‍മ്മിച്ചത്.

തുടര്‍ന്ന് ‘കെഞ്ചിറ’ ചലച്ചിത്ര മേളകളില്‍ അടക്കം ഏറെ ശ്രദ്ധിക്കപ്പെട്ടു. മികച്ച രണ്ടാമത്തെ ചിത്രം, ഛായഗ്രഹണം, കോസ്റ്റ്യൂം എന്നീ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഈ ചിത്രം നേടി. ഒരു ദേശീയ അവാര്‍ഡും ചിത്രത്തിന് ലഭിച്ചു. തുടര്‍ന്നാണ് ‘കെഞ്ചിറ’യുടെ ഒടിടി റിലീസിനായി വിജേഷ് പിള്ള ബന്ധപ്പെടുന്നത് എന്ന് മനോജ് കാന പറഞ്ഞു.

ഒടിടിക്കാര്‍ സാധാരണ സിനിമയുടെ അവകാശം സ്വന്തമാക്കുന്നത് മൊത്തം തുകയ്‍ക്കാണ്. രണ്ടാമത്തെ രീതി അത് പ്രദര്‍ശിപ്പിച്ച് കിട്ടുന്ന വരുമാനം ഷെയര്‍ ചെയ്യുകയാണ്. വലിയ അന്താരാഷ്ട്ര സങ്കേതിക വിദ്യയോടെയാണ് തന്‍റെ പ്ലാറ്റ് ഫോം എന്നാണ് വിജേഷ് പിള്ള പറഞ്ഞിരുന്നത്. ഇതെല്ലാം വിശ്വസിച്ചാണ് അയാള്‍ക്ക് പടം നല്‍കിയത്. എന്നാല്‍ അയാളുടെ അവകാശവാദം തീര്‍ത്തും പൊള്ളയാണെന്ന് പിന്നീട് മനസിലായി. ഒരു ഒടിടി പ്ലാറ്റ്ഫോമിന്‍റെ അടിസ്ഥാന കാര്യം പോലും അയാളുടെ അടുത്ത് ഇല്ലായിരുന്നു. എത്ര പേര്‍ കണ്ടു എന്നത് അറിയാന്‍ അയാള്‍ കാണിച്ച ഡാഷ് ബോര്‍ഡ് അടക്കം തട്ടിപ്പായിരുന്നു.

അങ്ങനെ നാട്ടുകാര്‍ക്ക് പടം കാണാന്‍ പോലും പറ്റുന്നില്ല എന്ന അവസ്ഥയിലാണ് എന്ന് മനസിലായപ്പോള്‍ അയാളില്‍ നിന്നും പടം തിരിച്ചെടുത്തു. ഒടിടിക്ക് കൊടുത്ത പടം തിരിച്ചുവാങ്ങാൻ അങ്ങോട്ട് അയാള്‍ക്ക് പണം കൊടുക്കേണ്ടി വന്നു. 2020 ലാണ് ഈ സംഭവങ്ങള്‍ നടക്കുന്നത്. അന്ന് ഇതെല്ലാം പത്ര സമ്മേളനത്തില്‍ പറഞ്ഞിരുന്നെങ്കിലും വലിയ വാര്‍ത്തയായില്ല. ഇപ്പോള്‍ ഇയാള്‍ ഇങ്ങനെ വിവാദത്തിലായപ്പോള്‍ വീണ്ടും പറയുകയാണ്.

ഒരിക്കല്‍ ഒരു ഒടിടിക്ക് നല്‍കിയ ചിത്രം ആയതിനാല്‍ ‘കെഞ്ചിറ’ പിന്നീട് ആരും വാങ്ങിയുമില്ല. ഇതിനെതിരെ ഹൈക്കോടതി വഴി വിജേഷ് പിള്ളയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചെങ്കിലും അയാള്‍ പ്രതികരിച്ചില്ല. പിന്നീട് സാമ്പത്തിക ബാധ്യതയും മറ്റും ആലോചിച്ച് കൂടുതല്‍ നിയമ നടപടിയിലേക്ക് പോയില്ലെന്നും മനോജ് കാന പറയുന്നു. അടിമുടി തട്ടിപ്പുകാരനാണ് വിജേഷ്. അയാള്‍ക്ക് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാഷുമായി ഒരു ബന്ധവും ഉണ്ടാകാനിടയില്ലെന്നാണ് തോന്നുന്നത്. എം വി ഗോവിന്ദനെ പോലുള്ളവരെ അറിയാമെന്ന് പറഞ്ഞെങ്കിൽ അത് നെഗറ്റീവ് പബ്ലിസിറ്റിക്ക് വേണ്ടിയാണ്.

സ്വപ്‍നയുമായി ചേർന്ന് നടത്തിയ നീക്കമാണോ ഇപ്പോഴത്തെ ആരോപണങ്ങളും വിവാദങ്ങളും എന്ന് സംശയമുണ്ടെന്നും നാടുമായി ഒരു ബന്ധവും ഇല്ലാത്ത ആളാണ് ഇയാളെന്നും മനോജ്‌ കാന പറഞ്ഞു. വരുന്ന ഏപ്രില്‍ 17ന് തന്‍റെ പുതിയ ചിത്രത്തിന്‍റെ ചിത്രീകരണത്തിന് തയ്യാറെടുക്കുകയാണ് മനോജ് കാന.