ധനമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് കെയുഡബ്ല്യുജെ സംസ്ഥാന കമ്മിറ്റിയിൽ പങ്കെടുത്തതിൽ പ്രതിഷേധം

ധനമന്ത്രി ബാലഗോപാലിന്റെ പേഴ്സണൽ സ്റ്റാഫ് അംഗം ജി.രാജേഷ് കെയുഡബ്ല്യുജെ സംസ്ഥാന കമ്മിറ്റിയിലും സംസ്ഥാന സമ്മേളനത്തിലും പങ്കെടുത്തതിൽ യൂണിയനുള്ളിൽ എതിർപ്പ് രൂക്ഷമായി. ദേശാഭിമാനിയിൽ നിന്ന് അവധിയെടുത്താണ് രാജേഷ് മന്ത്രിയുടെ സ്റ്റാഫായത്. എന്നാൽ ഇക്കാര്യം പരിഗണിക്കാതെ യൂണിയൻ സംസ്ഥാന സമിതിയിലേക്ക് നോമിനേറ്റ് ചെയ്തു. യൂണിയൻ സാമ്പത്തിക തട്ടിപ്പുകളെ കുറിച്ച് ധനകാര്യ ഇൻസ്പെക്ഷൻ വിങ് നടത്തുന്ന അന്വേഷണത്തിൽ ഇടങ്കോലിട്ടു വൈകിപ്പിക്കുന്നതിനുളള പ്രത്യുപകാരമായാണ് സംസ്ഥാന സമിതിയിലേക്ക് നോമിനേറ്റ് ചെയ്തത്.

യൂണിയൻ അംഗത്വം പോലും നിലനിർത്താൻ വകുപ്പില്ല എങ്കിലും ചട്ടങ്ങൾ മറികടന്ന് കണ്ണൂരിൽ കഴിഞ്ഞ 13, 14 തീയതികളിൽ ചേർന്ന സംസ്ഥാന സമിതിയിലും സമ്മേളനത്തിലും രാജേഷ് പങ്കെടുത്തതിൽ വ്യാപകമായി എതിർപ്പ് ഉയർന്നു. യൂണിയൻ ട്രഷറർ സുരേഷ് വെള്ളിമംഗലത്തിന്റെ പ്രത്യേക താൽപര്യത്തിന് ആയിരുന്നു നോമിനേഷൻ.

തിരുവനന്തപുരം കേസരി സ്മാരക ട്രസ്റ്റ് നടത്തിയ സർക്കാർ ഫണ്ട് വെട്ടിപ്പ് ധനകാര്യ ഇൻസ്പെക്ഷൻ വിങ് അന്വേഷണത്തിലാണ്. ട്രസ്റ്റ് ഭാരവാഹികളായിരുന്ന സുരേഷ് വെള്ളിമംഗലവും കിരൺ ബാബുവുമാണ് മുഖ്യ പ്രതികൾ. ഈ പശ്ചാത്തലത്തിലാണ് ധനകാര്യ മന്ത്രിയുടെ സ്റ്റാഫിനെ സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്.