പൊതിഞ്ഞ് നല്‍കുന്ന ഭക്ഷ്യസാധനങ്ങള്‍ക്ക് ജിഎസ്ടി ബാധകമല്ലെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍

തിരുവനന്തപുരം.ലൂസായി കൊണ്ടുവന്ന് പേപ്പറിലോ പ്ലാസ്റ്റിക് കവറിലോ പൊതിഞ്ഞ് നല്‍കുന്ന ഭക്ഷ്യ സാധനങ്ങള്‍ക്ക് ജിഎസ്ടി ബാധകമല്ലെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ബ്രാന്‍ഡഡ് ഭക്ഷ്യവസ്തുക്കള്‍ക്ക് നേരത്തെ തന്നെ നികുതിയുണ്ട്. ചെറിയ കച്ചവടക്കാര്‍ വില്‍ക്കുന്ന ഒന്നോ രണ്ടോ കിലോയുടെ ഇത്തരം ഭക്ഷ്യസാധനങ്ങള്‍ക്ക് നികുതി ഈടാക്കില്ലെന്നും ധനമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

ഇത്തരത്തില്‍ വില്‍ക്കുന്ന ഭക്ഷ്യ വസ്തുക്കള്‍ക്ക് നികുതിയില്ലെന്നാണ് വിശദീകരണത്തില്‍ ഒരിടത്ത് പറയുന്നത്. എന്നാല്‍ എട്ടാമത്തെ പോയിന്റില്‍ ഇങ്ങനെ വില്‍ക്കുന്നവയ്ക്ക് അളവ് തൂക്ക നീയമം ബാധകമാണെന്നും പറയുന്നുണ്ട്. ലേബലില്ലാതെ പ്ലാസ്റ്റിക്് കവറില്‍ നല്‍കിയാലും അത് ബ്രാന്‍ഡിന്റെ പരിതിയില്‍ വരും എന്നാണ് നിയമത്തില്‍ പറയുന്നത്. ഇതിലാണ് ആശയക്കുഴപ്പം ഇക്കാര്യത്തില്‍ കേന്ദ്രം വ്യക്തത വരുത്തണമെന്ന് വാര്‍ത്താസമ്മേളനത്തില്‍ ധനമന്ത്രി ആവശ്യപ്പെട്ടു.

കുടുംബശ്രീ പ്രവര്‍ത്തകരും ചെറുകിട കച്ചവടക്കാരും പേപ്പറില്‍ പൊതുഞ്ഞും പ്ലാസ്റ്റിക് കവറിലും നല്‍കുന്ന ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ക്ക് ജിഎസ്ടി ഈടാക്കില്ലെന്ന് മുഖ്യമന്ത്രിയും ഇന്നലെ വ്യക്തമാക്കിയിരുന്നു.

കേരളത്തില്‍ ഒന്നരകോടി വരെ വിറ്റ് വരവുള്ള 50000 കടകളുണ്ട്. ഇവര്‍ക്ക് ലൂസായി വില്‍ക്കുന്നതിന് ജിഎസ്ടി മേടിക്കുവാന്‍ കഴിയില്ല. എന്നാല്‍ ജങ്ങള്‍ സാധാരണ കടകളില്‍ നിന്നാണ് സാധനങ്ങള്‍ മേടിക്കുന്നത്. ഇവിടെയും ലൂസായ സാധനങ്ങള്‍ക്ക് ജിഎസ്ടിയില്ല. പലരും ഇതിന് ദുരുപയോഗം ചെയ്യുവാന്‍ സാധ്യതയുണ്ട്. ലൂസായ ഭക്ഷ്യവസ്തുക്കള്‍ക്ക് ജിഎസ്ടി ഈടാക്കിയാല്‍ പരാതി നല്‍കണമെന്നും ധനമന്ത്രി പറഞ്ഞു.

ജിഎസ്ടി വര്‍ധിപ്പിച്ചാല്‍ സംസ്ഥാനത്ത് വിലക്കയറ്റം ഉണ്ടാകും. ജനങ്ങളെ ബുദ്ധിമുട്ടിച്ച് ഒരു വിലക്കയറ്റം ഉണ്ടാക്കുവാന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.