ലോകമാന്യ തിലക് എക്സ്പ്രസിൽ അഗ്നിബാധ

ചെന്നൈ: ചെന്നൈ- ലോക മാന്യ തിലക് എക്സ്പ്രസിൽ തീപിടിത്തം. ചെന്നൈ ബാസിൻ ബ്രിഡ്‌ജിൽ എത്തിയപ്പോഴാണ് തീപിടിത്തമുണ്ടായത്. ട്രയിനിന്റെ എഞ്ചിനിൽ നിന്ന് എസിയിലേക്കുള്ള കേബിളിലാണ് തീപിടിത്തമുണ്ടായത്. ഉടൻ തന്നെ ട്രെയിൻ നിർത്തി തീ അണച്ചു. ശേഷം യാത്ര തുടരുകയായിരുന്നു. സംഭവത്തിൽ യാത്രക്കാർ സുരക്ഷിതരാണെന്ന് റെയിൽവേ അറിയിച്ചു.

തീ പടരുന്നത് കണ്ണടയുടൻ യാത്രക്കാർ പരിഭ്രാന്തരായി പുറത്തേയ്ക്ക് ഓടുകയായിരുന്നു. ഇത്തരം സംഭവങ്ങൾ പതിവാകുകയാണ്. തീപിടിത്തം ട്രെയിൻ സ്റ്റേഷനിൽ എത്തിയ സമയത്ത് ഉണ്ടായതിനാൽ രക്ഷയായി. ഓടിക്കൊണ്ടിരുന്നപ്പോൾ ആയിരുന്നെങ്കിൽ തീ ആളിപ്പടരാൻ സാധ്യതയുണ്ട്.

അതേസമയം കൊല്‍ക്കത്തയിൽ രണ്ട് ദിവസം മുൻപ് ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികള്‍ വേര്‍പെട്ടു. അസമിലെ ഗുവാഹത്തിയില്‍ നിന്ന് ജമ്മുവിലേക്ക് പോവുകയായിരുന്ന ലോഹിത് എക്‌സ്പ്രസിന്റെ ബോഗികള്‍ ആണ് വേര്‍പെട്ടത്. പത്തോളം ബോഗികള്‍ വേര്‍പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ബംഗാള്‍- ബിഹാര്‍ അതിര്‍ത്തിയിലെ സൂര്യകമല്‍ റെയില്‍വെ സ്റ്റേഷന് സമീപമാണ് സംഭവം നടന്നത്. റെയില്‍വെ ഉദ്യോഗസ്ഥര്‍ ട്രെയിനിന്റെ ബോഗികള്‍ വീണ്ടും യോജിപ്പിച്ചു. ശേഷം ട്രെയിന്‍ യാത്ര തുടര്‍ന്നു.