സ്‌റ്റേഷൻ പരിസരത്ത് തീപിടിത്തം ; വാഹനങ്ങള്‍ കത്തി നശിച്ചു, പ്രതി കത്തിച്ചെന്ന് പരാതി

കണ്ണൂർ: പൊലീസ് സ്‌റ്റേഷൻ പരിസരത്തുണ്ടായ തീപിടിത്തത്തിൽ മൂന്ന് വാഹനങ്ങൾ കത്തി നശിച്ചു. വളപട്ടണം പൊലീസ് സ്‌റ്റേഷൻ പരിസരത്ത് ഇന്ന് പുലർച്ചെ മൂന്ന് മണിക്കാണ് സംഭവം ഉണ്ടായത്. അതേസമയം കാപ്പ കേസ് പ്രതി ചാണ്ടി ഷമീം തീകൊളുത്തിയെന്നാണ് പരാതി. ഒരു ജീപ്പും ബൈക്കും പൂര്‍ണമായി കത്തി, കാറും സ്കൂട്ടറും ഭാഗികമായി കത്തിനശിച്ചു.

വിവിധ കേസുകളിൽ പിടിച്ച വാഹനങ്ങളാണ് കത്തിനശിച്ചത്. തളിപ്പറമ്പ് നിന്ന് അഗ്നിരക്ഷാസേനയെത്തി നാല് മണിയോടെ തീ അണച്ചു. തീപിടിത്തത്തിൽ ഗൂഢാലോചനയും പൊലീസ് സംശയിക്കുന്നുണ്ട്. കാപ്പ കേസ് പ്രതിയായ ചാണ്ടി ഷമീം തിങ്കളാഴ്ച പൊലീസ് സ്‌റ്റേഷനിലെത്തി ബഹളംവച്ചിരുന്നു.

ഇതോടെ പോലീസ് ഇയാൾക്കെതിരെ കേസെടുത്തു. തുടർന്നും ഇയാൾ ബഹളം വയ്ക്കുകയും ഒരു ഉദ്യോഗസ്ഥനെ കൈയ്യേറ്റം ചെയ്യുകയും ചെയ്‌തു. . ഈ സംഭവത്തിന് പ്രതികാരമായി ഇയാളും കൂട്ടാളിയും ചേർന്ന് തീയിട്ടതാകാമെന്നാണ് സൂചന. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.