ആദ്യം ഇവരെ ഒന്നിപ്പിക്കൂ; കോണ്‍ഗ്രസിനെ പരിഹസിച്ച് ബിജെപി

ന്യൂഡല്‍ഹി. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പുരോഗമിക്കുകയാണ്. ഇതിനിടയില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് അശോക് ഗെലോട്ട് വിജയിച്ചാല്‍ ആരാകും രാജസ്ഥാന്റെ അടുത്ത മുഖ്യമന്ത്രി എന്ന ചോദ്യത്തിന് ഉത്തരമില്ലാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസില്‍ നടക്കുന്ന പ്രശ്‌നങ്ങളെ ഇപ്പോള്‍ പരിഹിസിക്കുകയാണ് ബിജെപി. ബിജെപി നേതാവായ ഭൂപേന്ദര്‍ യാദവാണ് പരിഹാസവുമായി രംഗത്തെത്തിയിരിക്കുന്നത്. സച്ചിന്‍ പൈലറ്റും രാഹില്‍ ഗാന്ധിയും അശോക് ഗെലോട്ടും ഒന്നിച്ച് നില്‍ക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഇവരെ ആദ്യം ഒന്നിപ്പിക്കുവാന്‍ ആവശ്യപ്പെടുന്നത്. നിരവധി ബിജെപി നേതാക്കളാണ് കോണ്‍ഗ്രസിനെ പരിഹസിച്ച് രംഗത്തെത്തുന്നത്.

അതേസമയം അശോക് ഗെലോട്ടിനെ കോണ്‍ഗ്രസ് അധ്യക്ഷനാക്കാനുള്ള നീക്കത്തില്‍ നിന്ന് ഹൈക്കമാന്‍ഡ് പിന്നോട്ട്. രാജസ്ഥാനില്‍ ഗെലോട്ട് നിലപാട് കടുപ്പിച്ചതോടെയാണ് ഹൈക്കമാന്‍ഡിന്റെ മനം മാറ്റം. ഗെലോട്ടിന് പകരം മുകള്‍ വാസ്‌നിക്, ദിഗ് വിജയ് സിംഗ് എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. രാവിലെ നിരീക്ഷകരോട് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സച്ചിന്‍ പൈലറ്റിനെ അംഗീകരിക്കില്ലെന്ന നിലപാട് ഗെലോട്ട് ആവര്‍ത്തിച്ചിരുന്നു. മുഖ്യമന്ത്രി കസേര പാര്‍ട്ടി വിശ്വസ്തര്‍ക്കേ വിട്ടു നല്‍കൂയെന്നും ഗെലോട്ട് ആവര്‍ത്തിച്ചു. ഇതിനു പിന്നാലെയാണ് ഹൈക്കമാന്‍ഡും നിലപാട് കടുപ്പിച്ചത്.

രാജസ്ഥാനില്‍ അശോക് ഗലോട്ട് നടത്തിയ അട്ടിമറിയില്‍ ഹൈക്കമാന്‍ഡിന് കടുത്ത അതൃപ്തിയുണ്ട്. രാജസ്ഥാനില്‍ സംഭവിച്ചത് ഒന്നും യാദൃശ്ചികമായിരുന്നില്ലെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍. നിയമസഭാ കക്ഷി യോഗം ഹൈക്കമാന്‍ഡ് ഏകപക്ഷീയമായി തീരുമാനിച്ചെങ്കില്‍ മറ്റൊരു യോഗം ചേര്‍ന്ന് സച്ചിന്‍ പൈലറ്റിന് പിന്തുണയില്ലെന്ന് എംഎല്‍എമാരെ കൊണ്ട് ഗെലോട്ട് പറയിക്കുകയായിരുന്നു. എഐസിസി നിരീക്ഷകരായ മല്ലികാര്‍ജുന്‍ ഖാര്‍ഗയോടും അജയ് മാക്കനോടും സംസാരിക്കണമെന്ന സോണിയ ഗാന്ധിയുടെ നിര്‍ദ്ദേശവും എംഎല്‍എമാര്‍ തള്ളി.