മുന്നറിയിപ്പില്ലാതെ രാത്രിയിൽ പവർകെട്ട്, കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് മത്സ്യത്തൊഴിലാളികൾ

ആലപ്പുഴ : വൈദ്യുത മുടക്കത്തിൽ പ്രതിഷേധിച്ച് അർദ്ധരാത്രിയിൽ നാട്ടുകാരുടെ പ്രതിഷേധം. പുന്നപ്രയിൽ തീരദേശത്ത് രാത്രിയിൽ മുന്നറിയിപ്പില്ലാതെ വൈധ്യുതി കട്ടായതോടെയാണ് മത്സ്യത്തൊഴിലാളികൾ കെഎസ്ഇബി ഓഫീസ് ഉപരോധിച്ചത്. പുന്നപ്ര തെക്ക് പഞ്ചായത്ത് ഒന്നാം വാർഡിലെ നാട്ടുകാരാണ് കെഎസ്ഇബി ഓഫീസ് ഉപരോധിച്ചത്. വൈദ്യുതി മുടങ്ങിയതോടെ നാട്ടുകാർ കെഎസ്ഇബി ഓഫീസിലേക്ക് വിളിച്ചു.

എന്നാൽ ഫോണെടുക്കാൻ ഉദ്യോഗസ്ഥർ തയ്യാറായിരുന്നില്ല. തുടർന്നാണ് നാട്ടുകാർ ഓഫീസിലേക്ക് പ്രതിഷേധവുമായി എത്തിയത്. പുലർച്ചെ മൂന്ന് മണിയോടെ വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചതോടെയാണ് ഇവർ ഉപരോധം അവസാനിപ്പിച്ചത്. കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് ജാഗ്രതാ നിർദേശം നൽകിയ സ്ഥലത്താണ് മണിക്കൂറുകളോളം വൈദ്യുതി മുടങ്ങിയത്. ഇതാണ് പ്രതിഷേധം അണപൊട്ടാൻ കാരണമായത്.

അടുത്ത ദിവസങ്ങളിലായി കെഎസ്ഇബി ഓഫീസിൽ ആളുകൾ എത്തി പ്രതിഷേധിക്കുന്നതും ആക്രമണം നടത്തുന്നതും പതിവാകുകയാണ്. സംസ്ഥാനത്ത് കനത്ത ചൂടാണ് ഓരോ ദിവസവും. ഇതിനിടയിൽ അപ്രഖ്യാപിതമായി വൈദ്യുതി മുടക്കുന്ന കെഎസ്ഇബിക്ക് എതിരെ സംസ്ഥാനത്ത് വലിയ ജനരോഷമാണുള്ളത്.