തെലങ്കാനയിലെ കെമിക്കൽ ഫാക്ടറിയിൽ സ്ഫോടനം , അഞ്ചുപേർ മരിച്ചു

ഹൈദരാബാദ്: തെലങ്കാനയിലെ സംഗറെഡ്ഡിയിലെ കെമിക്കൽ ഫാക്ടറിയിലെ റിയാക്ടർ തീപിടിത്തത്തെ തുടർന്ന് പൊട്ടിത്തെറിച്ച് അഞ്ച് പേർ മരിച്ചു. എട്ട് മുതൽ 10 വരെ ആളുകൾ ഇപ്പോഴും അകത്ത് കുടുങ്ങിക്കിടക്കുന്നുണ്ടെന്നും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹത്നുര മണ്ഡല് ജില്ലയിലെ ചന്ദാപൂരിലെ എസ്ബി ഓർഗാനിക്‌സ് ഇൻഡസ്‌ട്രിയുടെ ഡയറക്‌ടറായ രവിയാണ് അപകടത്തിൽ കൊല്ലപ്പെട്ടവരിൽ ഒരാളെന്ന് പ്രാഥമിക വിവരം.

പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി ചികിത്സയിലാണ്. നാട്ടുകാർ വിവരം അറിയിച്ചയുടൻ ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമിച്ചു. കെമിക്കൽ ഫാക്ടറിയിലുണ്ടായ തീപിടിത്തമാണ് സ്‌ഫോടനത്തിന് കാരണമായതെന്നാണ് പോലീസ് നൽകുന്ന സൂചന. എസ്.ബി. ഓര്‍ഗാനിക്സ് ലിമിറ്റഡ് എന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ ഫാക്ടറിയിലാണ് അപകടമുണ്ടായത്. സ്‌ഫോടനം നടക്കുമ്പോൾ അമ്പതോളം പേർ കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നതായി നാട്ടുകാർ അറിയിച്ചു.