കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മുങ്ങിമരിച്ചു

കന്യാകുമാരി : കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മുങ്ങിമരിച്ചു. രണ്ട് പെൺകുട്ടികൾ ഉൾപ്പെടെയാണ് മരിച്ചത്. വിവാഹത്തിനെത്തിയതായിരുന്നു ഇവർ. തഞ്ചാവൂർ സ്വദേശി ചാരുകവി, നെയ്‌വേലി സ്വദേശി ഗായത്രി, കന്യാകുമാരി സ്വദേശി സർവദർശിത്, ദിണ്ടിഗൽ സ്വദേശി പ്രവീൺ സാം, ആന്ധ്രാപ്രദേശ് സ്വദേശി വെങ്കിടേഷ് എന്നിവരാണ് മരിച്ചത്.

കരൂർ സ്വദേശിനി നേഷി, തേനി സ്വദേശി പ്രീതി പ്രിയങ്ക, മധുര സ്വദേശി ശരണ്യ എന്നിവരെ രക്ഷപ്പെടുത്തി. ഇവർ ആശാരിപള്ളം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ലെമൂർ (ഗണപതിപുരം) ബീച്ചിൽ നീന്താനെത്തിയപ്പോഴാണ് അപകടമുണ്ടായത്. കടൽക്ഷോഭ മുന്നറിയിപ്പിനെ തുടർന്ന് ബീച്ചിൽ പ്രവേശനം വിലക്കിയിരുന്നു. തെങ്ങിൻ തോപ്പിലൂടെയാണ് സംഘം ബീച്ചിൽ എത്തിയത്

അതേസമയം, കൊല്ലം∙ കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. കുളനട സ്വദേശി അഖിൽ (20), മഞ്ചള്ളൂർ സ്വദേശി സുജിൻ (20) എന്നിവരാണ് മരിച്ചത്. ഇരുവരും ഐടിഐ പഠനം കഴിഞ്ഞവരാണ്. ഉച്ചയ്ക്കു ശേഷം ബന്ധുക്കളോടൊപ്പമാണ് വിദ്യാർഥികൾ പത്തനാപുരം മഞ്ചള്ളൂർ മണക്കാട്ടുകടവിൽ കുളിക്കാനെത്തിയത്. സുജിനാണ് ആദ്യം അപകടത്തിൽപ്പെട്ടത്.

സുജിനെ രക്ഷിക്കാൻ ശ്രമിക്കവെ അഖിലും അപകടത്തിൽപ്പെട്ടു. മൃതദേഹങ്ങൾ പത്തനാപുരം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി