കഴുത്തൊപ്പം വെള്ളത്തില്‍ കുഞ്ഞിനെ തലയിലേറ്റി നടന്നത് ഒന്നര കിലോമീറ്റര്‍; സോഷ്യല്‍ മീഡിയയുടെ കൈയ്യടി

സ്വന്തം ജീവന്‍ പണയം വെച്ച് ഒന്നര വയസുകാരിയെ പ്ലാസ്റ്റിക് പാത്രത്തില്‍ സുരക്ഷിതമായി കരയ്ക്കെത്തിച്ച വഡോദരയിലെ പോലീസുദ്യോഗസ്ഥന് കൈയ്യടിച്ച് സമൂഹമാധ്യമങ്ങള്‍. കുഞ്ഞിനെ കഴുത്തോളം മുങ്ങിയ വെള്ളത്തിലൂടെയാണ് തലയില്‍ ചുമന്ന് ഗോവിന്ദ് ചൗഡ എന്ന പോലീസ് ഇന്‍സ്‌പെക്ടര്‍ ഒന്നര കിലോമീറ്റര്‍ നടന്ന് സുരക്ഷിത സ്ഥലത്തെത്തിച്ചത്. ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഗുജറാത്ത് എഡിജിപി ഡോ. ഷംഷേര്‍ സിങാണ് ട്വിറ്ററിലൂടെ പങ്ക് വെച്ചത്.

വെള്ളം കയറിയ വിശ്വമിത്രി റെയില്‍വേ സ്റ്റേഷന് സമീപമുള്ള പ്രദേശത്തു നിന്നും ആളുകളെ ഒഴിപ്പിക്കുന്നതിനിടെയാണ് ഒറ്റപ്പെട്ട വീട്ടില്‍ നിന്നും സ്ത്രീയേയും പിഞ്ചു കുഞ്ഞിനേയും കണ്ടെത്തിയത്. പ്ലാസ്റ്റിക് കയര്‍ കെട്ടി ആള്‍ക്കാരെ വെള്ളക്കെട്ടിലൂടെ നീങ്ങി സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റിയെങ്കിലും പിഞ്ചു കുഞ്ഞിനെ സുരക്ഷിതയാക്കാന്‍ പ്ലാസ്റ്റിക് പാത്രത്തിന്റെ സഹായം തേടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളൊന്നും പോലീസിനുണ്ടിയിരുന്നില്ല.

കുട്ടിയെ കൈയിലെടുത്ത് നീങ്ങുന്നത് അപകടമാണെന്ന് തോന്നിയതിനെ തുടര്‍ന്നാണ് കുട്ടിയെ പ്ലാസ്റ്റിക് പാത്രത്തിലാക്കിയതെന്ന് ഗോവിന്ദ് പറയുന്നു. പാത്രത്തില്‍ കുഞ്ഞിന് സുഖകരമായി ഇരിക്കാനാവുന്ന വിധത്തില്‍ തുണികള്‍ വെച്ച് കുട്ടിയെ അതിനുള്ളിലിരുത്തി അഞ്ചടിയോളം ഉയരത്തിലുള്ള വെള്ളത്തിലൂടെ ഗോവിന്ദ് നീങ്ങുകയായിരുന്നു. ഒടുവില്‍, കുഞ്ഞിനെ സുരക്ഷിതമായി എത്തിച്ചതോടെ പോലീസ് സംഘത്തിന് ആശ്വാസമായി.

വഡോദരയില്‍ 24 മണിക്കൂറിലേറെ തുടര്‍ച്ചയായി പെയ്ത കനത്ത മഴയിലാണ് നഗരം മുങ്ങിപ്പോയത്. ഈ സമയത്തിനുള്ളില്‍ 499 മില്ലീമീറ്ററോളം മഴയാണ് ലഭിച്ചത്. താഴ്ന്ന പ്രദേശങ്ങള്‍ മിക്കതും വെള്ളത്തിനടിയിലാണ്. ഇതോടെ, വാഹനങ്ങളും ഉപകരണങ്ങളും നിരത്തിലൂടെ ഒഴുകുന്ന കാഴ്ചയാണ് വഡോദരയില്‍ നിന്നും പുറത്തുവരുന്നത്. മുതലകള്‍ ഉള്‍പ്പടെയുള്ള ജീവികളും ജലത്തിലൂടെ ഒഴുകി എത്തുന്നതായാണ് റിപ്പോര്‍ട്ട്. ഇതോടൊപ്പം ഗുജറാത്ത് പോലീസ് നടത്തുന്ന രക്ഷാപ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

ഇതിനിടെയാണ് ഗോവിന്ദ് ചൗഡയുടെ ഫോട്ടോയും എഡിജിപി പങ്കുവെച്ചത്. ചിത്രം ശ്രദ്ധയില്‍പ്പെട്ടവരെല്ലാം പോലീസ് ഉദ്യോഗസ്ഥനെ പ്രശംസിക്കുകയാണ്. ധൈര്യവും അര്‍പ്പണ മനോഭാവവുമുള്ള ഈ ഉദ്യോഗസ്ഥന്റെ മനുഷ്യത്വപരമായ പ്രവൃത്തിയില്‍ അഭിമാനിക്കുന്നുവെന്ന് ഗോവിന്ദിന്റെ ഫോട്ടോയ്‌ക്കൊപ്പം എഡിജിപി ട്വീറ്റ് ചെയ്തു