ഭക്ഷ്യവിഷബാധ, ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു, ചികിത്സാപ്പിഴവെന്ന് കുടുംബം

തൊടുപുഴ : ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സ തേടിയ യുവതി ആശുപത്രിയിൽ മരിച്ചു. പാലക്കാട് ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശിയായ നിഖിത.എന്‍ ആണ് മരിച്ചത്. ചികിത്സാപ്പിഴവാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ആന്തരിക അവയവങ്ങള്‍ തകരാറിലായതിനുപിന്നാലെയുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രി അതികൃതരുടെ വിശദീകരണം.

ചെമ്മീന്‍ കഴിച്ചതിച്ചതിനെ തുടർന്നുണ്ടായ അലര്‍ജിയാണ് ഭക്ഷ്യവിഷബാധയ്ക്ക്‌ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഭക്ഷ്യവിശബാധയെ തുടര്‍ന്ന് ശനിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ യുവതിക്ക് മരണം സംഭവിക്കുകയായിരുന്നു.

അതേസമയം, തിരുവനന്തപുരത്ത് ബൈക്ക് അപകടത്തില്‍ രണ്ടു മരണം. ഒരാള്‍ക്ക് ഗുരുതര പരിക്ക്. ബൈക്ക് കാല്‍നടയാത്രക്കാരനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബൈക്കോടിച്ചിരുന്ന മണക്കാട് സ്വദേശി അല്‍ താഹിര്‍(20), റോഡ് മുറിച്ചുകടക്കുകയായിരുന്ന സുനീഷ്(29) എന്നിവരാണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെ കഴക്കൂട്ടം കുളത്തൂര്‍ തമ്പുരാന്‍മുക്കിലായിരുന്നു അപകടം. കഴക്കൂട്ടം ഭാഗത്തേക്ക് അമിത വേഗതയിലായിരുന്നു ബൈക്ക് വന്നതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അമിതവേഗതയിലെത്തിയ ബൈക്ക് സുനീഷിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ അപകടം നടന്ന സ്ഥലത്തുനിന്നും 100 മീറ്റര്‍ മാറിയാണ് സുനീഷ് തെറിച്ചുവീണത്.

ഗുരുതരമായി പരിക്കേറ്റ ഇരുവരെയും മെഡിക്കല്‍ കോളേജിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബൈക്കില്‍ ഉണ്ടായിരുന്ന മണക്കാട് സ്വദേശി അല്‍ അമാന്‍(19) ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ബൈക്കുകളുടെ മത്സരയോട്ടത്തിനിടെയാണ് അപകടമുണ്ടായതെന്ന് സൂചനയുണ്ട്.