സുഷമ സ്വരാജിനെതിരെ തരംതാണ പ്രയോഗം നടത്തി മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി; കടുത്ത ഭാഷയിൽ ഇന്ത്യയുടെ മറുപടി

ന്യൂഡൽഹി. മുൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെതിരെ തരംതാണ പ്രയോഗം നടത്തിയ മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയ്ക്ക് കടുത്ത ഭാഷയിൽ ഇന്ത്യയുടെ മറുപടി. വിദേശകാര്യമന്ത്രി എസ് ജയശങ്കർ പോംപെയോയുടെ വാക്കുകളെ അപലപിച്ചു. നെവർ ഗിവ് ആൻ ഇഞ്ച് ഫൈറ്റിങ് ഫോർ ദി അമേരിക്ക ഐ ലവ് എന്ന തന്റെ പുസ്തകത്തിലാണ് പോംപെയോ സുഷമ സ്വരാജിനെ ഇകഴ്ത്തുകയും പിന്നീടു ചുമതലയേറ്റ ജയശങ്കറിനെ പുകഴ്ത്തുകയും ചെയ്തത്.

വിദേശകാര്യ ചർച്ചകളിൽ സുഷമ ഒരു പ്രധാന വ്യക്തി ആയിരുന്നില്ലെന്നും പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവും വിശ്വസ്തനുമായ അജിത് ഡോവൽ ആയിരുന്നു യഥാർഥ പങ്കാളിയെന്നും പോംപെയോ പറയുന്നു. രാഷ്ട്രീയ പക്ഷപാതമുള്ള സുഷമയുമായി നല്ല ബന്ധമായിരുന്നില്ല. ഡോവൽ കഴിഞ്ഞാൽ അന്ന് വിദേശകാര്യ സെക്രട്ടറി ആയിരുന്ന എസ് ജയശങ്കറുമായാണ് മികച്ച ബന്ധം ഉണ്ടായിരുന്നത്.

അദ്ദേഹത്തെ എനിക്ക് ഇഷ്ടമാണ്. ഇംഗ്ലിഷ് അടക്കം 7 ഭാഷകൾ സംസാരിക്കുന്ന ജയശങ്കർ 2019 ൽ വിദേശകാര്യമന്ത്രിയായി. പലതരത്തിലും എന്നേക്കാൾ മിടുക്കനാണ് അദ്ദേഹം– പോംപെയോ പറയുന്നു. പോംപെയോയുടെ പുസ്തകത്തിൽ സുഷമ സ്വരാജിനെ പരാമർശിക്കുന്ന ഒരു ഭാഗം കണ്ടു. സുഷമ സ്വരാജിനോട് എനിക്ക് ആദരവും ഊഷ്മള ബന്ധവുമാണ് ഉണ്ടായിരുന്നത്. അവർക്കെതിരെ നടത്തിയ പ്രയോഗത്തെ അപലപിക്കുന്നു വെന്ന് ജയശങ്കർ പറഞ്ഞു.