തൃശൂർക്കാർ ശരിയായിരുന്നു എന്നു കേരളം വൈകാതെ തിരിച്ചറിയും, ഇതൊരു മുന്നറിയിപ്പു കൂടിയാണ്- ഫാദർ വർഗീസ് വള്ളിക്കാട്ട്

തൃശൂർക്കാർ ചാണകത്തിൽ ചവിട്ടി എന്നു പരിഹസിക്കുന്നവർ കാണാതെപോകുന്നതും കണ്ടില്ലെന്നു നടിക്കുന്നതും ഒന്നു മാത്രമാണ്, കേരളത്തിലെ ക്രിസ്ത്യാനികളും ഹിന്ദുക്കളും ശത്രുക്കളല്ല! അവർ പരസ്പരം ബഹുമാനിക്കുന്നവരും ആരോടും പകയില്ലാത്തവരുമാണെന്ന് ഫാദർ വർഗീസ് വള്ളിക്കാട്ട് . തൃശൂർക്കാർ സുരേഷ് ഗോപിയെ രാഷ്‌ട്രീയം നോക്കാതെ സ്നേഹിച്ച് അംഗീകരിച്ചിരിക്കുന്നു! രാഷ്‌ട്രീയക്കാർക്ക് വെറുപ്പല്ലാതെ ഒന്നും പറയാനില്ല എന്നു തിരിച്ചറിഞ്ഞ തൃശൂരിലെ വോട്ടർമാർ വെറുപ്പും വിദ്വേഷവും പറയാത്ത സുരേഷ് ഗോപിയെസ്നേഹിക്കുന്നു! അംഗീകരിച്ചിരിക്കുന്നെന്ന് സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

തൃശൂർക്കാർ ചാണകത്തിൽ ചവിട്ടി എന്നു പരിഹസിക്കുന്നവർ കാണാതെപോകുന്നതും കണ്ടില്ലെന്നു നടിക്കുന്നതും ഒന്നു മാത്രമാണ്: കേരളത്തിലെ ക്രിസ്ത്യാനികളും ഹിന്ദുക്കളും ശത്രുക്കളല്ല! അവർ പരസ്പരം ബഹുമാനിക്കുന്നവരും ആരോടും പകയില്ലാത്തവരുമാണ്.

അവരെ തമ്മിൽ തല്ലിക്കാൻ രാഷ്‌ട്രീയക്കാർ പയറ്റുന്ന വെറുപ്പിന്റെ പ്രത്യയശാസ്ത്രങ്ങളെ അവർ പുച്ഛിച്ചു തള്ളിക്കളഞ്ഞിരിക്കുന്നു! വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾ അതു കൂടുതൽ വ്യക്തമായി തെളിയിച്ചു കൊടുക്കട്ടെ! വെറുപ്പിന്റെ ആവരണമില്ലാതെ സുരേഷ് ഗോപി നേടിയ വിജയം ‘ഹിന്ദുത്വ’ രാഷ്‌ട്രീയത്തിനു മുതൽക്കൂട്ടായെങ്കിൽ, അതു ഹിന്ദുത്വ രാഷ്‌ട്രീയത്തിന്റെ പേരിൽ വെറുപ്പു പ്രചരിപ്പിക്കുന്നവർക്കുള്ള മുന്നറിയിപ്പു കൂടിയാണെന്ന സന്ദേശവും തൃശൂരിലെ വോട്ടർമാർ നൽകുന്നുണ്ട്!

2024 ഇലക്ഷനിൽ ഇന്ത്യ നൽകുന്ന മുന്നറിയിപ്പും അതുതന്നെയാണ്! തൃശൂർക്കാർ സുരേഷ് ഗോപിയെ രാഷ്‌ട്രീയം നോക്കാതെ സ്നേഹിച്ച് അംഗീകരിച്ചിരിക്കുന്നു! രാഷ്‌ട്രീയക്കാർക്ക് വെറുപ്പല്ലാതെ ഒന്നും പറയാനില്ല എന്നു തിരിച്ചറിഞ്ഞ തൃശൂരിലെ വോട്ടർമാർ വെറുപ്പും വിദ്വേഷവും പറയാത്ത സുരേഷ് ഗോപിയെസ്നേഹിക്കുന്നു! അംഗീകരിച്ചിരിക്കുന്നു.

ഇതൊരു മുന്നറിയിപ്പു കൂടിയാണ്! ഇതുപോലുള്ള ജനപ്രതിനിധികളെ കേരളത്തിന്റെ എല്ലാ ഭാഗത്തും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലും ജനങ്ങൾ രാഷ്‌ട്രീയം മറന്നു പിന്തുണക്കുകതന്നെ ചെയ്യും! രാഷ്രീയം തൊഴിലാക്കി, വെറുപ്പു വിപണനം ചെയ്യുന്നവർക്ക് സുരേഷ് ഗോപിയേപോലുള്ളവർ വലിയ വെല്ലുവിളി ഇനിയും ഉയർത്തിക്കൊണ്ടിരിക്കും എന്നതാണ് ഇപ്പോൾ തൃശൂർക്കാർ കേരളത്തിനു നൽകുന്ന സന്ദേശം!

തൃശൂർക്കാർ ശരിയായിരുന്നു എന്നു കേരളം വൈകാതെ തിരിച്ചറിയും! നല്ല മനുഷ്യർ രാഷ്‌ട്രീയത്തിലേക്കു വന്ന് കേരളത്തെയും ഇന്ത്യയെയും രക്ഷിക്കട്ടെ! വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും രാഷ്‌ട്രീയം ഇനി ഒരിക്കലും തിരിച്ചു വരാതെ അസ്തമിച്ചു പോകട്ടെ!ഇന്ത്യ ഒന്നാണ് എന്നും എല്ലാ ഇന്ത്യക്കാരും സഹോദരീ സഹോദരന്മാരാണ് എന്നും ഇന്ത്യയിലെ എല്ലാ വിദ്യാലയങ്ങളിലും വിദ്യാർത്ഥികൾ ചൊല്ലിപ്പഠിച്ച പാഠം സത്യമാവുകയും ചെയ്യട്ടെ!